വയനാട് പുനരധിവാസം: കെ എൻ എം ഭവന സമുച്ചയ ശിലാസ്ഥാപനവും ആദ്യവീടിന്‍റെ താക്കോൽ ദാനവും നടത്തി

Wayanad

കല്പറ്റ: വയനാട് -മുണ്ടക്കൈ ,ചൂരൽമല ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് കെ എൻ എം സംസ്ഥാന സമിതി നിർമ്മിച്ചു നൽകുന്ന ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനവും കല്പറ്റയിൽ പണി പൂർത്തിയായ ആദ്യ വീടിന്റെ താക്കോൽദാനവും കല്പറ്റ മസാറിൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനി നിർവ്വഹിച്ചു.

വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങളുടെ സംരക്ഷണം സാമൂഹ്യ ബാധ്യതയാണെന്നും ഒറ്റക്കെട്ടായി ആ ദൗത്യം നിർവഹിക്കാൻ ആത്മാർഥമായി മുന്നോട്ടുവരണമെന്നും അബ്ദുല്ലകോയ മദനി ആവശ്യപ്പെട്ടു. കാലം നീങ്ങുമ്പോൾ ദുരന്ത ബാധിതരെ മറക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. ദുരന്ത ബാധിത പ്രദേശത്ത് വീട് നഷ്ടപ്പെട്ടവരേയും ജീവിക്കാൻ ഭയപ്പെടുന്നവരേയും സർക്കാർ പട്ടികയിൽ ഉൾപ്പെടുത്തി ആനുകൂല്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു. പട്ടികയിൽ ഉൾപ്പെടുത്താൻ അവശ്യപ്പെടുന്നവരെ കേൾക്കാനും പ്രശ്നം പരിഹരിക്കാനും സർക്കാർ സന്നദ്ധ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വയനാട്‌ ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പ്രതീക്ഷ, റിഹാബ് ഫൗണ്ടേഷനുകളുമായി സഹകരിച്ചു കൊണ്ടാണ് കെ എൻ എം ഭവന സമുച്ചയ നിർമ്മാണം നടത്തുന്നത്. അനുയോജ്യമായ സ്ഥലം ഇതിനായി കണ്ടെത്തിയിട്ടുണ്ട്.
എട്ട് സെന്റിൽ ആയിരം സ്ക്വയർ ഫിറ്റ് വീടാണ് കെ എൻ എം നിർമിക്കുന്നത്.
കൽപറ്റയിൽ 1000 സ്ക്വയർ ഫീറ്റിൽ മനോഹരമായ വീടാണ്
കെ എൻ എം നിർമ്മിച്ചിട്ടുള്ളത്.

വീട് നിർമ്മാണത്തിന് പുറമെ, വയനാട്ടിൽ രണ്ടു കോടി രൂപയുടെ പുനരധിവാസ പ്രവർത്തനങ്ങൾ കെ എൻ എം ഇതിനകം നടത്തി. നൂറ്റി അമ്പത് വീടുകളിൽ ആവശ്യമായ ഉപകരണങ്ങൾ നൽകി. ജീപ്പ്, ഓട്ടോ ,അടക്കം അമ്പത് കുടുംബങ്ങൾക്ക് തൊഴിൽ ഉപകരണങ്ങൾ കെ എൻ എം വിതരണം ചെയ്തു. ഉറ്റവർ നഷ്ടപ്പെട്ട നൗഫലിന് ജൂലൈ 30 എന്ന പേരിൽ ബേക്കറി നിർമ്മിച്ചു നൽകി. നിരവധി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകാനും കെ എൻ എം നു സാധിച്ചു.

ചടങ്ങിൽ സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂർഷ അധ്യക്ഷത വഹിച്ചു.
ടി സിദ്ദിഖ് എം എൽ എ,ഇബ്രാഹിം ഹാജി ഏലാംകോട് ,ടി മുഹമ്മദ്, കെ എൻ എം സംസ്ഥാന സെക്രട്ടറി ഡോ എ ഐ അബ്ദുൽ മജീദ് സ്വലാഹി,കെ എൻ എം ജില്ലാ പ്രസിഡന്റ് കെ പി യുസുഫ് ഹാജി, സെക്രട്ടറി സയ്യിദ് അലി സ്വലാഹി,സി കെ ഉമർ,വി എ മജീദ്, അലി കടവത്തൂർ,ഡോ മുസ്തഫ ഫാറൂഖി, കെ എം കെ ദേവർശോല,നജീബ് കാരാടൻ , സുബൈർ പീടിയേക്കൽ, ബാപ്പുട്ടി പന്തലൂർ, ഉമർഹാജി ബത്തേരി
എന്നിവർ സംസാരിച്ചു.