കാലിക്കറ്റിലെ എസ്. എഫ്.ഐ അക്രമം; നാളെ സർവകലാശാലകളിൽ  പ്രതിഷേധദിനം: ഫെഡറേഷൻ

Kottayam

കാലിക്കറ്റ് സർവകലാശാലയിൽ ജീവനക്കാരെ ക്രൂരമായി ആക്രമിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത  എസ്.എഫ്.ഐക്കാരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ഫെഡറേഷൻ ഓഫ് ഓൾ കേരളാ യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ജീവനക്കാരെ ആക്രമിച്ച് പരിക്കേൽപ്പിച്ച ക്രിമിനൽ സംഘത്തെ സർവകലാശാലയിൽ നിന്നും പുറത്താക്കണം.

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗം കലാപകലുഷിതമാക്കി  പൊതുസർവകലാശാലകളിൽ നിന്നും വിദ്യാർത്ഥികളെ അകറ്റുന്നതിനുള്ള ആസൂത്രിതമായ നീക്കമാ ണ് എസ്.എഫ്.ഐ നടത്തിക്കൊണ്ടിരിക്കുന്നത്. എസ്. എഫ്. ഐ ക്കാർ വൈസ് ചാൻസലറുടെ ഓഫീസിൽ അതിക്രമിച്ചു കടന്ന് ജീവനക്കാരെ ബന്ദികളാക്കുകയും ആക്രമിക്കുകയും ചെയ്തപ്പോൾ കേരളത്തിലെ പോലീസ് സേന കയ്യുംകെട്ടി കാഴ്ചക്കാരായി നോക്കി നിന്നത് നീതീകരിക്കുവാനാവുന്നതല്ല.

ജനാധിപത്യ വ്യവസ്ഥയിൽ എതിർ ശബ്ദങ്ങൾ ഉയർത്തുന്ന സംഘടനാ നേതാക്കളെയും പ്രവർത്തകരെയും കായികശക്തിയും ഭരണത്തിന്റെ പിൻബലവും ഉപയോഗിച്ച് അമർച്ച ചെയ്യാനാണ് എസ്.എഫ്.ഐ ശ്രമിക്കുന്നതെങ്കിൽ, സർവകലാശാലകളിൽ അത് വിലപ്പോവില്ല. കേരളത്തിലെ സർവകലാശാലകളിലെ പഠനാന്തരീക്ഷത്തെയും അക്കാദമിക രംഗത്തെയും ചുവപ്പ് വൽക്കരിക്കുവാനും കാവിവൽക്കരിക്കുവാനുള്ള അപകടകരമായ നീക്കത്തെ ശക്തമായി ചെറുക്കുമെന്നും നേതാക്കൾ പറഞ്ഞു.

കാലിക്കറ്റ് സർവ്വകലാശാലയിൽ ജീവനക്കാർക്ക് നേരെ നടന്ന അതിക്രൂരമായ ആക്രമണത്തിൽ പോലീസ്, കേസ് രജിസ്റ്റർ ചെയ്ത് കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നവശ്യപ്പെട്ട് നാളെ കേരളത്തിലെ എല്ലാ സർവകലാശാലകളിലും പ്രതിഷേധസമരം സംഘടിപ്പിക്കുമെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എൻ മഹേഷ്, ജനറൽ സെക്രട്ടറി ജയൻ ചാലിൽ, ട്രഷറർ കെ എസ് ജയകുമാർ എന്നിവർ അറിയിച്ചു