സംഘ് പരിവാറിന് മണ്ണൊരുക്കുന്ന രാഷ്ട്രീയ വിവാദങ്ങള്‍ സി.പി.എമ്മും ജമാഅത്തും അവസാനിപ്പിക്കണം: കെ.എന്‍ .എം മര്‍കസുദ്ദഅവ

Kerala

കോഴിക്കോട് : മുസ്‌ലിം സമുദായത്തിലെ ഒരു ചെറുവിഭാഗത്തിന്റെ വൈകാരിക പ്രകോപനങ്ങളെ മുന്‍നിര്‍ത്തി മുസ്‌ലിം സമുദായത്തെ ഒന്നടങ്കം അടച്ചാക്ഷേപിക്കുന്ന നിലപാട് രാഷ്ട്രീയ നേതാക്കള്‍ അവസാനിപ്പിക്കണമെന്ന് കെ.എന്‍.എം മര്‍കസുദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. രാഷ്ട്രീയ മേഖലയില്‍ നാളിതുവരെ മുസ്‌ലിം സമുദായം സ്വീകരിച്ചുവന്ന നയസമീപനങ്ങള്‍ പ്രകോപനപരമായിരുന്നില്ലെന്നത് കഴിഞ്ഞ കാല തെരഞ്ഞെടുപ്പുകള്‍ സാക്ഷിയാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയം അനിസ്‌ലാമികമെന്ന് പറഞ്ഞ് വളരെ കാലം തെരഞ്ഞെടുപ്പ് രാഷ്ട്രീയ വനവാസം സ്വീകരിച്ച് മാറിനിന്ന ഒരു സംഘടന നടത്തുന്ന പ്രകോപനപരമായ രാഷ്ട്രീയം മുസ്‌ലിം സമുദായത്തില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥ വളര്‍ത്തുകയാണ്.

മുസ്‌ലിം സമുദായം കടുത്ത അപരവത്കരണം അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ സമുദായത്തെ വിദ്വേഷ രാഷ്ട്രീയത്തിന്റെ സംശയ നിഴലിലാക്കുന്ന സമീപനം ജമാഅത്തെ ഇസ്‌ലാമി തിരുത്തണം. മതേതര ചേരിയെ ശക്തിപ്പെടുത്തേണ്ട സാഹചര്യത്തില്‍ സംഘ് പരിവാര്‍ വിരുദ്ധ പാര്‍ട്ടികളെ പരമാവധി ചേര്‍ത്തുപിടിക്കാന്‍ അനാവശ്യ രാഷ്ട്രീയ വിവാദങ്ങള്‍ ബന്ധപ്പെട്ടവര്‍ അവസാനിപ്പിക്കണം. മുസ്‌ലിം സമുദായത്തെ അരക്ഷിതാ വസ്ഥയില്‍ നിന്ന് പ്രതീക്ഷയുടെ ഭാവിയിലേക്ക് നയിക്കാന്‍ മുസ്‌ലിം നേതൃത്വങ്ങള്‍ ജാഗ്രവത്താവണമെന്നും കെ.എന്‍.എം മര്‍കസുദഅവ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷാ ഫലവുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പം വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും ഉണ്ടാക്കിയ ആശങ്ക അവസാനിപ്പിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണം.

കെ.എന്‍.എം മര്‍കസുദഅവ പ്രസിഡന്റ് സി.പി ഉമര്‍ സുല്ലമി അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി എം അഹമ്മദ്കുട്ടി മദനി, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, അഡ്വ. പി.മുഹമ്മദ് ഹനീഫ, പ്രൊഫ. കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ ജലീല്‍, സയ്യിദ് സുല്ലമി, കെ എം കുഞ്ഞമ്മദ് മദനി, കെ.പി മുഹമ്മദ് കല്പറ്റ , സി.മമ്മു കോട്ടക്കല്‍, സി അബ്ദുലത്തീഫ്, റശീദ് ഉഗ്രപുരം, പി പി ഖാലിദ്, അബ്ദുസ്സലാം പുത്തൂര്‍, ബിപി.എ ഗഫൂര്‍, ഡോ.അനസ് കടലുണ്ടി, സുബൈര്‍ ആലപ്പുഴ, ഡോ. ഐ പി അബ്ദുസ്സലാം, എം കെ മൂസ മാസ്റ്റര്‍, ഹാസില്‍ മുട്ടില്‍ പ്രസംഗിച്ചു.