ദുബായ്: യു എ ഇയിലെ പ്രമുഖ എമിറാത്തി നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ മാജിദ് അല്‍ ഫലാസി (33) നിര്യാതനായി. ‘ഫ്രീജ്’ എന്ന ജനപ്രിയ ആനിമേറ്റഡ് സീരീസിലെ ഏറ്റവും രസകരമായ കഥാപാത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ‘ഉം സയീദ്’ എന്ന കഥാപാത്രത്തിന്റെ ഐക്കണിക് വോയ്സ് ഓവറിലൂടെയാണ് അല്‍ ഫലാസി അറിയപ്പെടുന്നത്.
മാജിദ് അല്‍ ഫലാസിയുടെ ആകസ്മിക വേര്‍പാടിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങള്‍ അനുശോചനങ്ങളും ഓര്‍മക്കുറിപ്പുകളും കൊണ്ട് നിറഞ്ഞു. അന്തരിച്ച കലാകാരന് സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. അദ്ദേഹത്തിന്റെ അകാല മരണവാര്‍ത്ത യു എ ഇയിലും പുറത്തുമുള്ള ആരാധകരെ ദുഃഖത്തിലാഴ്ത്തി.
ഞങ്ങളുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്തുന്ന ശബ്ദമാണ് മാജിദിന്റെതെന്നും കവിതയിലൂടെയും പോസിറ്റീവ് മൂല്യങ്ങളിലൂടെയും ആസ്വാദ്യകരമായ നിമിഷങ്ങള്‍ സമ്മാനിച്ച വാക്കുകളാണ് അദ്ദേഹത്തിന്റെതെന്നും എമിറാത്തി എഴുത്തുകാരന് അമാനി അല്‍ മത്രൂഷി ട്വിറ്ററില്‍ കുറിച്ചു. എമിറാത്തി സംസ്കാരത്തില്‍ ശാശ്വതമായ സ്വാധീനം ചെലുത്തിയ എളിമയും ദയയും ഉള്ള ഒരു കലാകാരനായിരുന്നു അല്‍ ഫലാസിയെന്നും ചിലര്‍ അനുസ്മരിച്ചു. ദയ, വിനയം, ലാളിത്യം, ധാര്‍മികത, കലാപരമായ സംഭാവനകള്‍ എന്നിവയ്ക്ക് പേരുകേട്ടതാണ് മാജിതെന്ന് അല്‍ ഷെഹി എഴുതി.
‘അയല്പക്കം’ എന്ന് അര്‍ത്ഥം വരുന്ന ടെലിവിഷന്‍ പരമ്പരയാണ് ഫ്രീജ്. 2006ല്‍ പുറത്തിറങ്ങിയ ഈ പരമ്പരയില്‍ ആധുനിക ദുബൈയില്‍ താമസിക്കുന്ന നാല് മുതിര്‍ന്ന സ്ത്രീകളുടെ കഥയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അതിലൊരു കഥാപാത്രമായ ഉമ്മു സഈദ് സംസാരിച്ചത് അന്തരിച്ച കലാകാരന് മാജിദ് അല്‍ ഫലാസിയുടെ ശബ്ദത്തിലായിരുന്നു. ‘ഫണ്‍ ഓള്‍ഡ് ഗേള്‍സ്’ എന്ന പേരില്‍ ഇതിന്റെ ഇംഗ്ലീഷ് പരമ്പരയും പുറത്തിറങ്ങിയിട്ടുണ്ട്.