അഷറഫ് ചേരാപുരം
ദുബൈ: ആകാശഗംഗയില്‍ നിന്നും അല്‍നയാദി തന്റെ നാട്ടുകാരോട് സംസാരിക്കുന്നു. ബഹിരാകാശനിലയത്തിലുള്ള യു.എ.ഇ.യുടെ സഞ്ചാരി ഡോ. സുല്‍ത്താന്‍ അല്‍ നയാദിയോട് രാജ്യത്തെ പൊതുജനങ്ങള്‍ നാളെ സംവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ദുബൈ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍ (എം.ബി.ആര്‍.എസ്.സി.) അധികൃതരാണ് ഇക്കാര്യമറിയിച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയില്‍ കഴിയുന്ന നയാദി ചൊവാഴ്ച തത്സമയം സംവദിക്കുമെന്നാണ് അറിയിപ്പ്.
ദുബൈ ഓപ്പറയില്‍ ചൊവാഴ്ച ഉച്ചയ്ക്ക് യു.എ.ഇ സമയം 2.30നാണ് തത്സമയ സംഭാഷണം നടക്കുക. സുല്‍ത്താന്‍ നയാദിയിലൂടെ യുവതലമുറയെ ബഹിരാകാശ സ്വപ്നങ്ങള്‍ കാണാന്‍ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് എം.ബി.ആര്‍.എസ്.സി. ഡയറക്ടര്‍ ജനറല്‍ സലീം ഹുമൈദ് അല്‍ മര്‍റി പറഞ്ഞു. ബഹിരാകാശ നിലയത്തില്‍നിന്ന് ഈ മാസം ആദ്യവാരം അല്‍ നയാദി യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായും സ്‌കൂള്‍ വിദ്യാര്‍ഥികളുമായും സംവദിച്ചിരുന്നു.ബഹിരാകാശനിലയത്തില്‍ നടത്താനുദ്ദേശിക്കുന്ന 200ലേറെ ശാസ്ത്രപരീക്ഷണങ്ങളില്‍ 20 എണ്ണം അല്‍ നെയാദിയുടെ നേതൃത്വത്തിലാണ് നടക്കുക. ഇത്തവണത്തെ റമദാന്‍ താന്‍ ബഹിരാകാശത്ത് അനുഷ്ടിക്കുമെന്ന് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു.