കെ റയിലിനും കെ ഫോണിനും പിന്നാലെ കെ ഗാനം; ശനിയാഴ്ച കൊച്ചിയില്‍ യോഗം

Kerala

തിരുവനന്തപുരം: കെ ഫോണിനും കെ റെയിലിനും പിന്നാലെ കെ ഗാനവും വരുന്നു. കേരളത്തിന് സ്വന്തമായി ഒരു ഗാനം തെരഞ്ഞെടുക്കുകയാണ് ലക്ഷ്യം. എന്നാല്‍ നിലവിലുള്ള ഗാനങ്ങളില്‍ ഒന്നുപോലും ലക്ഷണമൊത്തതല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ പുതിയ ഗാനം രചിക്കാനുള്ള തയ്യാറെടുപ്പിലാണ് കേരളം. ശനിയാഴ്ച കൊച്ചിയില്‍ ചേരുന്ന കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിലുള്ള യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്.

കേരളത്തിന് തനതുഗാനം തെരഞ്ഞെടുക്കാനായി നേരത്തെ സമിതി രൂപീകരിച്ചിരുന്നു. എന്നാല്‍ ലക്ഷണമൊത്ത കവിത കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ ഗാനാത്മകമായ പുതിയ കവിത എഴുതിക്കാനുള്ള ആലോചന. കേരളത്തിന് സ്വന്തമായൊരു ഗാനം വേണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നതോടെയാണ് ഇതിനായി സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയമിച്ചത്. കേരളമെന്ന ആശയം, ദര്‍ശനം, സങ്കല്‍പ്പം എന്നിവയെല്ലാം ഒത്തിണങ്ങിയ ഒരു മൂര്‍ത്തഗാനം വേണമെന്നാണ് പൊതുധാരണ. ഗാനത്തിന് കുറഞ്ഞത് 14 വരിയെങ്കിലും ഉണ്ടാകണം. ഈ സാഹചര്യത്തിലാണ് പുതിയ കവിത രചിക്കാമെന്ന നിര്‍ദേശമുയര്‍ന്നത്.

ഡോ. എം ലീലാവതി, ഏഴാച്ചേരി രാമചന്ദ്രന്‍, ഡോ. എം എം ബഷീര്‍, ഡോ. എം ആര്‍ രാഘവവാര്യര്‍, അക്കാദമി സെക്രട്ടറി സി പി അബൂബക്കര്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി എന്നിവരടങ്ങിയ സമിതിയുടെ ശനിയാഴ്ച നടക്കുന്ന യോഗത്തില്‍ കേരളഗാനമെന്ന ആശയത്തില്‍ തീരുമനം എടുത്തേക്കും.