കോഴിക്കോട്: അരിക്കൊമ്പനെ ജനിച്ച കാട്ടില്‍ അതിന്റെ ആവാസ വ്യവസ്ഥയില്‍ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു. വനം കയ്യേറ്റത്തിന്റെ ഇരയാണ് അരിക്കൊമ്പനെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മൃഗസ്‌നേഹികള്‍ ഞായറാഴ്ച രാവിലെ മാനാഞ്ചിറ മൈതാനത്ത് പ്രതിഷേധം സംഘടിപ്പിക്കുന്നത്. അരിക്കൊമ്പനെ ജനിച്ച വനത്തില്‍ നിന്ന് മയക്ക് വെടിവെച്ച് പിടികൂടി സ്വന്തം ആവാസ വ്യവസ്ഥയ്ക്ക് വിരുദ്ധമായ കാട്ടിലേക്ക് മാറ്റുകയായിരുന്നു. അമിതമായ മയക്കുമരുന്ന് കാരണം അരിക്കൊമ്പന്റെ ആരോഗ്യത്തിന് ഗുരുരതമായ പ്രശ്‌നങ്ങളുണ്ട്. വന്യജീവികളെ അവരുടെ ആവാസവ്യവസ്ഥയില്‍ നിന്ന് മാറ്റാന്‍ പാടില്ലെന്ന നിയമം ഉള്ളപ്പോഴാണ് ഇത്തരമൊരു നീക്കം നടന്നതെന്നും ഇവര്‍ ആരോപിക്കുന്നു. അരിക്കൊമ്പന്റെ ജീവന്‍ സംരക്ഷിക്കുക, ജനിച്ച സ്വന്തം വനത്തില്‍ ജീവിക്കാന്‍ അനുവദിക്കുക, വനം കൈയ്യേറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. നേരത്തെ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം കണ്ണൂര്‍ ജില്ലകളിലും സേവ് അരിക്കൊമ്പന്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
