കോഴിക്കോട്: ഏക സിവില്‍ കോഡ് രാജ്യത്ത് നടപ്പാകാതിരുന്നതില്‍ കോണ്‍ഗ്രസ് വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് മുസ്‌ലിംലീഗ് നേതാവ് എം.കെ മുനീര്‍ എംഎല്‍എ. ഏക സിവില്‍ കോഡിനെതിരെ കോണ്‍ഗ്രസ് നിലപാട് സ്വീകരിച്ചിട്ടുണ്ട്. അത് എല്ലാ ദിവസവും പറയേണ്ടതില്ല. വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചത് ജവഹര്‍ ലാല്‍ നെഹ്‌റുവാണ്. അതിലും വലിയ നിലപാട് രാജ്യത്ത് ഒരാളും എടുത്തിട്ടില്ല. ഏക സിവില്‍ കോഡ്, ഗോ വധം എന്നീ വിഷയങ്ങളില്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് നെഹ്‌റു അയച്ച കത്തുകള്‍ വലിയ രേഖകളാണ്. വിഷയത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് കോണ്‍ഗ്രസല്ല. മറിച്ച് ഇ എം എസ് പറഞ്ഞത് ശരിയാണോ തെറ്റാണോ എന്ന് വ്യക്തമാക്കേണ്ടത് സി പി എമ്മാണെന്നും മുനീര്‍ പറഞ്ഞു. ഒറ്റക്കെട്ടായുള്ള പ്രതിഷേധത്തില്‍ കോണ്‍ഗ്രസിനെ കൂട്ടുന്നില്ലെന്ന് സി പി എം പറയാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കണം. ഇതൊരു മുസ്‌ലിം വിഷയം മാത്രമായി ചിത്രീകരിക്കാന്‍ സി പി എം ശ്രമിക്കുന്നു. വിഷയത്തില്‍ സി പി എമ്മിന് ആത്മാര്‍ഥതയില്ല. ആത്മാര്‍ഥതയുണ്ടെങ്കില്‍ സി എ എ സമരത്തില്‍ രജിസ്ട്രര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കട്ടെയെന്നും മുനീര്‍ പറഞ്ഞു. ശരീഅത്തിനെതിരെ ഇത്രയും കാലം സംസാരിക്കുകയും മുസ്‌ലിം വ്യക്തി നിയമം മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്ത സി പി എം ആണ് മുസ്‌ലിമുകളുടെ സംരക്ഷകരെന്ന് ഇപ്പോള്‍ പറയുന്നത്. സിംഹകൂട്ടില്‍ നിന്ന് ഓടി ചെന്നായുടെ കൂട്ടില്‍ പോകുന്നത് ഗുണകരമാണോ എന്ന് ചിന്തിക്കാന്‍ മുസ്‌ലിം നേതാക്കള്‍ക്ക് സാധിക്കുമെന്നും മുനീര്‍ വ്യക്തമാക്കി.