കോഴിക്കോട്: ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ളയെ സെമിനാറുകളിലും സിമ്പോസിയങ്ങളിലും വിളിക്കാറുണ്ടെന്നും ഇനിയും വിളിക്കാവുന്നതാണെന്നും സമസ്ത നേതാക്കള്‍. എന്നാല്‍ തങ്ങള്‍ പ്രാസ്ഥാനിക സമ്മേളനങ്ങള്‍ക്ക് അദ്ദേഹത്തെ വിളിക്കാറില്ലെന്നും അവര്‍ പറഞ്ഞു. ഈയടുത്ത് നടന്ന മുജാഹിദ് സമ്മേളനം ഫാഷിസ്റ്റ് വക്താക്കളെ സ്വീകരിച്ചിരുത്തിയെന്ന സമസ്തയുടെ ആരോപണത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ഇങ്ങനെ പ്രതികരിച്ചത്.
മതേതര വിരുദ്ധ കക്ഷികളുടെ ചട്ടുകമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതായിരുന്നു മുജാഹിദ് സമ്മേളനം. രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികളും ന്യൂനപക്ഷങ്ങളും ഫാഷിസ്റ്റ് ഭരണകൂട ഭീകരതക്കെതിരെ ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിത്. എന്നാല്‍ അതിന്റെ വക്താക്കളെ ഔദ്യോഗികമായി സ്വീകരിക്കുകയും അവരുടെ അജണ്ടകള്‍ക്ക് ന്യായീകരണം നടത്തുകയുമാണ് മുജാഹിദ് സമ്മേളനത്തിലൂടെ ചെയ്തത്.
രാമക്ഷേത്ര നിര്‍മ്മാണം, പൗരത്വ നിയമം, കശ്മീര്‍ വിഷയം തുടങ്ങി ഫാഷിസ്റ്റ് അജണ്ടകളുടെ പ്രചാരകനായ അസ്ഗര്‍ അലി ഇമാം മഹ്ദി സലഫിയെ സമ്മേളനത്തിലെ പ്രധാന അതിഥിയായി കൊണ്ടുവന്നതും യാദൃശ്ചികമല്ലെന്നും ഇവര്‍ ആരോപിച്ചു. മതനിരാസം പ്രസംഗിക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ സമ്മേളനത്തില്‍ വന്ന് പ്രസംഗിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ നേതാക്കള്‍ ഒന്നും പ്രതികരിച്ചില്ല.