ഏക സിവില്‍ കോഡ്; കോണ്‍ഗ്രസ് ഒളിച്ചോടുന്നു: മന്ത്രി മുഹമ്മദ് റിയാസ്

Kerala

കോഴിക്കോട്: ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ നിലപാട് പറയാതെ കോണ്‍ഗ്രസ് ഒളിച്ചോടുകയാണെന്നു മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മത വര്‍ഗീയ വിഷയങ്ങളില്‍ നിലപാട് എടുക്കേണ്ടിവരുമ്പോള്‍ കോണ്‍ഗ്രസ് എല്ലാകാലത്തും ഇതേ സമീപനം തന്നെയാണ് സ്വീകരിച്ചതെന്നും മന്ത്രി കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ കാലത്തും കോണ്‍ഗ്രസ് ഇത്തരം വിഷയങ്ങളില്‍ വര്‍ഗീയ അജണ്ടകളോട് സന്ധി ചെയ്യുകയും ഇരു മത വര്‍ഗീയ വാദികളെയും പാലൂട്ടി വളര്‍ത്തുകയും ചെയ്യുന്ന സമീപനമാണ് സ്വീകരിച്ചു വരുന്നത്. ഇതുപോലുള്ള വിഷയങ്ങളിലൊന്നും കോണ്‍ഗ്രസ് ഒരിക്കലും ശരിയായ നിലപാട് എടുക്കാറില്ല. അതുകൊണ്ടാണ് കോണ്‍ഗ്രസ് സംഘടനാപരമായി തകരുന്നത്. ഈ കാരണം മനസിലാക്കി ചികിത്സ നല്‍കുകയാണ് വേണ്ടത്. ഇതേപോലെതന്നെയാണ് നേരത്തെ പൗരത്വ നിയമ ഭേദഗതി വിഷയത്തിലും ഉണ്ടായത്. അവിടെയും കോണ്‍ഗ്രസ് ശക്തമായ നിലപാട് സ്വീകരിച്ചില്ല. 1992 ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ അന്ന് രാജ്യം ഭരിച്ച നരസിംഹ റാവുവിന്റെ നേത്രൃത്വത്തിലുള്ള സര്‍ക്കാര്‍ സ്വീകരിച്ച സമീപനവും നമുക്കറിയാം. ഇന്ത്യയുടെ മത നിരപേക്ഷതയുടെ പ്രതീകമായിരുന്ന ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് നരസിംഹറാവു കണ്ണടച്ചു സൗകര്യം ചെയ്തു കൊടുക്കുകയായിരുന്നു.

ഈ സന്ദര്‍ഭങ്ങളിലെല്ലാം കേരളത്തിലെ ഇടതുപക്ഷം സ്വീകരിച്ച ശക്തവും മതനിരപേക്ഷവുമായ നിലപാടിനെ തകര്‍ക്കാനാണ് ബിജെപി ശ്രമിച്ചത്. അപ്പോഴും കോണ്‍ഗ്രസ് ചെയ്തത് ബിജെപിക്കൊപ്പംനിന്ന് ഇടത്പക്ഷത്തെ ദുര്‍ബലപ്പെടുത്താനും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും ആണ്. നേതൃത്വത്തിന്റെ ഈ നിലപാടില്‍ ഇന്ത്യ മത രാഷ്ട്രം ആകരുതെന്നു നിസ്വാര്‍ത്ഥമായി ആഗ്രഹിക്കുന്ന സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടുത്ത നിരാശയിലും പ്രതിഷേധത്തിലും ആണ്. അത് ഭാവി കേരളം രാഷ്ട്രീയത്തില്‍ കൃത്യമായി പ്രതിഫലിക്കും.

ഏതെങ്കിലും ഒരു മതവിഭാഗം നേരിടുന്ന പ്രശ്!നം എന്ന നിലയില്‍ അല്ല ഏക സിവില്‍ കോഡിനെ കാണേണ്ടത്. ഇത് ബിജെപിയിലും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. കര്‍ണാടകം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത തോല്‍വിയും വരാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിടാന്‍ പോകുന്ന തിരിച്ചടി മുന്നില്‍ കണ്ടുമാണ് അജണ്ട വഴിമാറ്റാന്‍ പ്രധാനമന്ത്രി തന്നെ ഏക സിവില്‍ കോഡ് ചര്‍ച്ചയാക്കിയത്.

ഏക സിവില്‍ കോഡ് സംബന്ധിച്ച ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ചര്‍ച്ച ചെയ്താല്‍ നൂറു അഭിപ്രായം വരും. അതുകൊണ്ട് കോണ്‍ഗ്രസ് ഒളിച്ചോടുകയാണ്. ഒളിച്ചോടാതെ രാഷ്ട്രീയമായ നിലപാട് സ്വീകരിക്കുകയാണ് വേണ്ടത്. അത് സാധിക്കാതെ വരുന്നത് കോണ്‍ഗ്രസ് രാഷ്ട്രീയമായും സംഘടനപരമായും എത്ര ദുര്‍ബലമാക്കപ്പെട്ടു എന്നാണ് കാണിക്കുന്നത്.

കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചു വരുന്നവര്‍ക്കു എന്തും ചെയ്യാം, എന്തും വിളിച്ചു പറയാമെന്ന സ്ഥിതിയാണ് തലസ്ഥാനം മാറ്റല്‍ സംബന്ധിച്ച ഹൈബി ഈഡന്‍ എംപിയുടെ സ്വകാര്യ ബില്‍ കാണിക്കുന്നതെന്ന് ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് ഒരു പാര്‍ട്ടിയല്ല, പല വ്യക്തികള്‍ ആണ് എന്ന് കൃത്യമായി ബോധ്യപ്പെടുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും മന്ത്രി റിയാസ് പറഞ്ഞു.