ലോക സ്‌പെഷ്യല്‍ ഒളിംപിക്‌സ് ജേതാക്കള്‍ക്ക് സ്വീകരണം നല്‍കി

Kottayam

പാലാ: ലോക സ്‌പെഷ്യല്‍ ഒളിംപിക്‌സില്‍ ഭാരതത്തിനായി മെഡല്‍ നേടിയ കൊച്ചിടപ്പാടി സ്‌നേഹാരാം സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ സഹായവും സര്‍ക്കാര്‍ തലത്തില്‍ വിദഗ്ദ കോച്ചിംഗ് സൗകര്യങ്ങളും ഒരുക്കി നല്‍കണമെന്ന് സംസ്ഥാന നിയമസഭയില്‍ ആവശ്യപ്പെടുമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ.

കഴിഞ്ഞ മാസം ജര്‍മ്മനിയില്‍ വച്ച് നടന്ന ലോക ഒളിംപിക്‌സില്‍ പങ്കെടുത്ത അലിന ആന്റണി, നയന രമേശ് എന്നിവരെ അനുമോദിക്കുന്നതിനായി ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലായുടെ എം എല്‍ എ എന്ന നിലയില്‍ രണ്ട് കുട്ടികള്‍ക്കും പ്രോത്സാഹനമായി തൊട്ടടുത്ത ദിവസം തന്നെ പ്രത്യേക ക്യാഷ് അവാര്‍ഡ് താന്‍ സ്‌കൂളില്‍ എത്തിച്ച് നല്‍കുമെന്നും മാണി സി കാപ്പന്‍ യോഗത്തില്‍ അറിയിച്ചു.

യോഗത്തില്‍ വികാരി ജനറാള്‍ റവ. ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് അദ്ധ്യക്ഷത വഹിച്ചു. പാല നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ. സി. കാര്‍മ്മല്‍ ജിയോ, വാര്‍ഡ് കൗണ്‍സിലര്‍ സിജി ടോണി തോട്ടത്തില്‍, പ്രിന്‍സിപ്പല്‍ സി. റോസ്മിത, ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥനായ ബിനോയി തോമസ്, അല്ലിയമ്മ ജോണ്‍, മിനി ശശീന്ദ്രന്‍, ബെന്നി സെബാസ്റ്റ്യന്‍, ധന്യ ജോയി തുടങ്ങിയവര്‍ പ്രസംഗിച്ചു.