കാക്കവയല്‍: വിദ്യാർത്ഥികളുടെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും ജി എച്ച് എസ് എസ് കാക്കവയലിന്റെ സാംസ്കാരിക ഇടം വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് സ്കൂൾ വായനശാലയ്ക്കായി പുസ്തക ചലഞ്ച് ഒരുക്കുന്നു. സ്കൂൾ ലൈബ്രറിക്ക് കീഴിലുള്ള വായനക്കൂട്ടമാണ് ഇതിന് മുൻകൈയെടുത്തത്.

വായനയ്ക്കായി സൗകര്യപ്രദമായ ഇടവും വായിക്കുവാൻ താല്പര്യമുള്ള ഒരു കൂട്ടം വിദ്യാർത്ഥികളും ഉണ്ട്. എന്നാൽ ഇനിയും ഏറെ സാഹിത്യ ഗ്രന്ഥങ്ങൾ ലൈബ്രറിക്ക് ആവശ്യമുണ്ട്. കവിതയും കഥയും നാടകവും തിരക്കഥയും നോവലുമടങ്ങിയ ഫിക്ഷൻ പുസ്തകങ്ങൾ കുട്ടികളുടെ വായനയ്ക്കായി ഇനിയും ആവശ്യമുണ്ട്.

കുട്ടികളോടും രക്ഷിതാക്കളോടും സാഹിത്യ തൽപ്പരരായ പൊതുസമൂഹത്തോടും, തങ്ങളുടെ വായന കഴിഞ്ഞ പുസ്തകങ്ങൾ വിദ്യാലയത്തിലെ കുട്ടികൾക്കായി കൈമാറണം എന്നാണ് പുസ്തക ചലഞ്ചിലൂടെ ആവശ്യപ്പെടുന്നത്. ഓരോരുത്തരും സമ്മാനിക്കുന്ന പുസ്തകങ്ങൾ പരമാവധി കുട്ടികൾ വായിച്ചിരിക്കും എന്ന ഉറപ്പാണ് സ്കൂളിനും വായനക്കൂട്ടം പ്രവർത്തകർക്കും നൽകുവാൻ ഉള്ളത്.

സ്കൂൾ പ്രിൻസിപ്പൽ ടി എം ബിജു, എച്ച്.എം കെ എം മണി എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പിടിഎയുടെ പിന്തുണയോടെയാണ് പുസ്തക ചലഞ്ച് വിജയകരമായി മുന്നോട്ടുപോകുന്നത്. ഇതിനകം തന്നെ വയനാട്ടിലെ എഴുത്തുകാരും രക്ഷിതാക്കളും വിദ്യാർത്ഥികളും ഈ സദുദ്യമത്തിൽ പങ്കാളികളായി കഴിഞ്ഞു.
വായനാവാരാചരണത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങിൽ, ലഭ്യമായ പുസ്തകങ്ങൾ ഹയർസെക്കൻഡറി, ഹൈസ്കൂൾ ലൈബ്രറികളിലേക്ക് കൈമാറും.