മലയോരത്തിന്‍റെ മുഖച്ഛായ മാറ്റാന്‍ വരുന്നു ഫാം ടൂറിസം

News

കോഴിക്കോട്: കാര്‍ഷിക പെരുമയുടെ കാര്യത്തില്‍ പ്രശസ്തിയാര്‍ജിച്ച കോഴികോടിന്റെ മലയോര മേഖല ഫാം ടൂറിസം എന്ന ആശയത്തിലൂടെ ടൂറിസത്തിന്റെയും വിളനിലമാകാന്‍ ഒരുങ്ങുകയാണ്. ത്രിതല പഞ്ചായത്തുകളുടെ സംയുക്ത സംരംഭമായി കോഴിക്കോട് അഗ്രോ ഫാം ടൂറിസം പദ്ധതിയുടെ പൈലറ്റ് പ്രൊജക്ട് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിലെ കൂടരഞ്ഞി, കോടഞ്ചേരി, പുതുപ്പാടി, ഓമശ്ശേരി, തിരുവമ്പാടി എന്നീ അഞ്ച് ഗ്രാമ പഞ്ചായത്തുകളിലായി നടപ്പിലാക്കുകയാണ്.

പദ്ധതിയുടെ ഉദ്ഘാടനം ജൂലായ് പത്തിന് കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറന്‍തോട് കല്ലംപുല്ലില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ഒരു നൂതന പരീക്ഷണ മാതൃകാ പദ്ധതി എന്ന നിലയിലാണ് ഈ പൈലറ്റ് പ്രൊജക്ട് വിഭാവനം ചെയ്തിരിക്കുന്നത്. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അധിക വരുമാനത്തിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ച് കാര്‍ഷിക രംഗത്തെ സംരക്ഷിക്കാനും ടൂറിസം മേഖലയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താനും പദ്ധതി സഹായകരമാവും. ടൂറിസം രംഗത്തുനിന്നും വരുമാനം കണ്ടെത്തുവാനും സാധാരണ ജനങ്ങളെ സഹായിക്കുവാനുമായാണ് ഇത്തരം ഒരു പദ്ധതി ജില്ലാ പഞ്ചായത്ത് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്.

വിളനാശവും വന്യജീവി ശല്യവും കാരണം ജീവിതം വഴിമുട്ടി സ്തംഭിച്ചു നില്‍ക്കുന്ന കര്‍ഷക ജനതക്ക് ഈ പദ്ധതി ഏറെ ആശ്വാസകരമാകുമെന്നതിന് തര്‍ക്കമില്ല. കര്‍ഷകന് ന്യായമായ പ്രതിഫലം ഉറപ്പാക്കുക വഴി ഫാം ടൂറിസം ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കാനും സാധിക്കും. ടൂറിസം ഉള്‍പ്പെടെ മിക്കവാറും എല്ലാ മേഖലകളെയും കോവിഡ് ബാധിച്ചപ്പോള്‍ കൃഷി മേഖല പുതിയ മാനങ്ങള്‍ കൈവരിച്ചു. കേരളത്തിന്റെ സന്തുലിതമായ കാലാവസ്ഥ, ജൈവവൈവിധ്യം, മഴ എന്നിവ ഇവിടെ കൃഷിയും ടൂറിസവും വളരാന്‍ സഹായകരമായി.