കോഴിക്കോട്: ബാര്‍ബര്‍ തൊഴില്‍ ചെയ്യുന്നവരെയും അവരുടെ പിന്‍മുറക്കാരെയും പള്ളി ഭരണ കാര്യങ്ങളില്‍ നിന്ന് വിലക്കുന്ന നടപടി മതവിരുദ്ധവും മനുഷ്യത്വ വിരുദ്ധമാണെന്നും ഇക്കാര്യത്തില്‍ ശക്തമായ ഇടപെടലുകളുണ്ടാവണമെന്നും കോഴിക്കോട് പാളയം ജുമാമസ്ജിദ് ചീഫ് ഇമാം ഡോ. ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു. പാളയം പള്ളിയില്‍ ജുമുഅ ഖുതുബാ പ്രഭാഷണത്തില്‍ ചങ്ങനാശ്ശേരി പുതൂര്‍ പള്ളി ജമാഅത്തില്‍ നിന്നുണ്ടായ വിവേചന പ്രവൃത്തിയെ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്ലാമില്‍ ജാതികളില്ലെന്നും തൊഴിലിന്റെ അടിസ്ഥാനത്തില്‍ യാതൊരു വിവേചനവും ഇസ്ലാം അനുവദിക്കുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു. മനുഷ്യരെല്ലാം സമന്‍മാരാണ്. വെളുത്തവന് കറുത്തവനെക്കാളോ അറബിക്ക് അനറബിയെക്കാളോ യാതൊരു ശ്രേഷ്ടതയുമില്ലെന്നാണ് നബി പറഞ്ഞിട്ടുള്ളത്. എല്ലാ തൊഴിലിന്നും മഹത്വമുണ്ട്. വംശപരമായുള്ള ഉച്ചനീചത്വങ്ങള്‍ അനിസ്ലാമികമാണെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.