ആലപ്പുഴയില്‍ അപൂര്‍വ്വ രോഗം ബാധിച്ച 15കാരന്‍ മരിച്ചു

Kerala

തിരുവനന്തപുരം: അപൂര്‍വ്വ രോഗം ബാധിച്ച് ആലപ്പുഴയില്‍ 15കാരന്‍ മരിച്ചു. അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് രോഗം സ്ഥിരീകരിച്ച പാണാവള്ളിയിലെ 15കാരനാണ് മരിച്ചത്. പ്രൈമറി അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് രോഗം കഴിഞ്ഞ ദിവസമാണ് 15 വയസ്സ് പ്രായമുള്ള പാണാവള്ളി സ്വദേശിക്ക് സ്ഥിരീകരിച്ചത്.

അഞ്ചു വര്‍ഷത്തിന് ശേഷമാണ് ആലപ്പുഴയില്‍ ഈ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. വെള്ളത്തില്‍ ജീവിക്കുന്ന അമീബ രോഗാണുവാണ് രോഗം പരത്തുന്നത്. പരാദ സ്വഭാവമില്ലാതെ ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തില്‍പ്പെടുന്ന രോഗാണുക്കള്‍ നീര്‍ച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന എന്‍സെഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു. പനി, തലവേദന, ഛര്‍ദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍.

മലിനമായ വെള്ളത്തില്‍ മുങ്ങി കുളിക്കുന്നതും മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തില്‍ കഴുകുന്നതും രോഗം വരുവാന്‍ കാരണമാകുന്നതിനാല്‍ അത് പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.