കൊച്ചി: പിതാവിനെ കാണണമെന്ന ആഗ്രഹം പൂര്‍ത്തിയാക്കാന്‍ കഴിയാതെ അബ്ദുന്നാസര്‍ മഅ്ദനി ഇന്ന് രാത്രി മടങ്ങും. രാത്രി 9.20ന് നെടുമ്പാശേരിയില്‍ നിന്നും ബംഗളുരുവിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് മഅ്ദനി മടങ്ങുക. അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് മഅ്ദനിക്ക് പിതാവിനെ കാണാനുള്ള അവസരം ലഭിച്ചിരുന്നത്. എന്നാല്‍ കേരളത്തിലെത്തിയിട്ടും അസുഖം കാരണം പിതാവിനെ കാണാന്‍ കഴിയാതെയാണ് മടങ്ങേണ്ടി വരുന്നത്.
ബംഗളുരുവില്‍ നിന്നും കൊച്ചിയിലെത്തിയ മഅ്ദനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ കൊല്ലത്തേക്ക് പോകാന്‍ കഴിഞ്ഞില്ല. കിടപ്പ് രോഗിയായി കഴിയുന്ന മഅ്ദനിയുടെ പിതാവിന് കൊച്ചിയിലേക്കും എത്താന്‍ കഴിഞ്ഞില്ല. ഇതോടെയാണ് മഅ്ദനിയുടേയും പിതാവിന്റെയും പരസ്പരം കാണണമെന്ന ആഗ്രഹം നടക്കാതെ പോയത്. കിടപ്പിലായ പിതാവിനെ കാണാനാണ് സുപ്രീം കോടതി മഅ്ദനിക്ക് ജാമ്യ ഇളവ് നല്‍കിയത്. ഇതനുസരിച്ച് ജൂണ്‍ 26നാണ് അദ്ദേഹം ബംഗളുരുവില്‍നിന്ന് വിമാനമാര്‍ഗം കൊച്ചിയില്‍ എത്തിയത്. കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ ശാരീരിക അവശത അനുഭവപ്പെട്ട മഅ്ദനിയെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അവിടെ ചികിത്സയില്‍ തുടരുകയായിരുന്നു.
ഏപ്രില്‍ 17നാണ് പിതാവിനെ സന്ദര്‍ശിക്കാന്‍ മഅ്ദനിക്ക് സുപ്രീംകോടതി മൂന്നുമാസത്തെ ജാമ്യ ഇളവ് നല്‍കിയത്. എന്നാല്‍ സുരക്ഷാ ചെലവിനത്തില്‍ അന്നത്തെ കര്‍ണാടക സര്‍ക്കാര്‍ 60 ലക്ഷം രൂപ ഒടുക്കണമെന്ന് ആവശ്യപ്പെട്ടതോടെ യാത്ര ഒഴിവാക്കുകയായിരുന്നു. പുതിയ കര്‍ണാടക സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇളവ് നല്‍കിയതോടെയാണ് 12 ദിവസത്തേക്ക് മദനി കേരളത്തിലെത്തിയത്. എന്നാല്‍ അസുഖം കാരണം വീട്ടിലെത്താന്‍ കഴിയാതെ തിരികെ പോകേണ്ട സാഹചര്യമാകുകയായിരുന്നു.