സി പി എം സെമിനാറില്‍ ലീഗ് പങ്കെടുക്കില്ലെന്ന് സാദിഖലി തങ്ങള്‍; സെമിനാറുകള്‍ ഭിന്നിപ്പാക്കാവരുതെന്ന് കുഞ്ഞാലിക്കുട്ടി

Kerala

മലപ്പുറം: ഏകസിവില്‍ കോഡുമായി ബന്ധപ്പെട്ട് സി പി എം നടത്തുന്ന സെമിനാറില്‍ മുസ്‌ലിം ലീഗ് പങ്കെടുക്കില്ല. പാണക്കാട് ഇന്ന് ചേര്‍ന്ന യോഗത്തിലാണ് സെമിനാറില്‍ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനമെടുത്തത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. യു ഡി എഫിലെ പ്രധാന ഘടകകക്ഷിയാണ് മുസ്ലിംലീഗ്. അതുകൊണ്ടുതന്നെ മുസ്ലിംലീഗിന് എല്ലാവരുമായും കൂടിച്ചേര്‍ന്ന് മാത്രമേ തീരുമാനമെടുക്കാന്‍ കഴിയൂവെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

രാവിലെ 9.30ന് പാണക്കാട് യോഗത്തിന് ശേഷമാണ് ലീഗ് തീരുമാനം പ്രഖ്യാപിച്ചത്. സി പി എമ്മിന്റെ സെമിനാറില്‍ പങ്കെടുക്കുമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ നേരത്തെ വ്യക്തമാക്കിയിരുന്നു.
സി പി എം സെമിനാറില്‍ പങ്കെടുക്കാനുള്ള സമസ്തയുടെ തീരുമാനം ലീഗിനെ സമ്മര്‍ദ്ദത്തില്‍ ആക്കിയിരുന്നു. ഇതും യോഗം ചര്‍ച്ച ചെയ്തു. ഇതേ കുറിച്ച് സൂചിപ്പിച്ചുകൊണ്ട് സെമിനാര്‍ നടത്താനും പങ്കെടുക്കാനും സംഘടനകള്‍ക്ക് അവകാശമുണ്ടെന്നും തങ്ങള്‍ പറഞ്ഞു. സിവില്‍ കോഡിനെതിരെ സ്വീകരിക്കേണ്ട രാഷ്ട്രീയ നിയമ തുടര്‍ നടപടികളും ചര്‍ച്ചയുടെ ഭാഗമായി.

സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ലീഗില്‍ വിവിധ നേതാക്കള്‍ക്ക് ഭിന്ന അഭിപ്രായങ്ങളാണുണ്ടായിരുന്നത്. മുസ്‌ലിം ലീഗിനെ ചേര്‍ത്തുപിടിക്കാനുള്ള സി പി എം തന്ത്രത്തില്‍ വീഴേണ്ടതില്ലെന്നാണ് ലീഗിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം.

സെമിനാറുകള്‍ ഭിന്നിപ്പിക്കാന്‍ വേണ്ടി ആകരുതെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. യോജിപ്പിനുള്ള സെമിനാര്‍ ആണ് വേണ്ടത്. ബില്ല് പരാജയപ്പെടാന്‍ കോണ്‍ഗ്രസ് ഇടപെടലുകള്‍ക്ക് മാത്രമേ കഴിയൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.