പത്തനംതിട്ട: മരണത്തിലെ ദുരൂഹത നീക്കാന്‍ അനുജയുടെയും ഹാഷിമിന്റെയും ഫോണുകള്‍ പൊലീസ് പരിശോധിക്കും. വാട്‌സാപ്പ് ചാറ്റുകള്‍ വീണ്ടെടുക്കാനുള്ള നടപടികള്‍ പൊലീസ് തുടങ്ങി. യുവതിയെ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുപോയ ഹാഷിം എന്തിന് മരണത്തിലേക്ക് കാര്‍ ഓടിച്ചു കയറ്റി എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. സംഭവത്തില്‍ ദുരൂഹത നീക്കാന്‍ ശാസ്ത്രീയ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. അതേസമയം അനുജയും ഹാഷിമും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അറിയില്ലെന്നാണ് ഹാഷിമിന്റെ ബന്ധുക്കള്‍ ആവര്‍ത്തിക്കുന്നത്.
മരിച്ച ഹാഷിമിന്റെ മൃതദേഹം ഇന്നലെ രാത്രി തന്നെ സംസ്‌കരിച്ചു. അനുജയുടെ സംസ്‌കാരം ഇന്ന് നടക്കും. കോട്ടയം മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം രാസ പരിശോധനയ്ക്ക് ആവശ്യമായ സാമ്പിളുകള്‍ മരിച്ച രണ്ട് പേരുടെയും മൃതദേഹങ്ങളില്‍ നിന്ന് ശേഖരിച്ചു.
വാഹനാപകടം നടന്ന സമയത്ത് ഇരുവരും ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മൊബൈല്‍ ഫോണിന്റെ ലോക്കഴിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ വിദഗ്ധ പരിശോധനയ്ക്ക് ഫോറന്‍സിക് ലാബിലേക്ക് ഫോണുകള്‍ അയക്കും. വാട്‌സ്ആപ്പ് ചാറ്റുകള്‍ ഉള്‍പ്പെടെ വീണ്ടെടുക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.
അനുജയെ കൊലപ്പെടുത്തിയ ശേഷം, ജീവനൊടുക്കാന്‍ ഹാഷിം തീരുമാനിച്ച് ഇറങ്ങിയതാണോ എന്നതില്‍ ദുരൂഹത മാറണം. അതോ ജീവനൊടുക്കാന്‍ ഇരുവരും ഒന്നിച്ച് തീരുമാനിച്ചതാണോ എന്നതിലും ദുരൂഹത നീക്കുകയാണ് ലക്ഷ്യം. അപകടം ഉണ്ടാകും മുന്‍പ് അനുജ അവസാനമായി സംസാരിച്ച തുമ്പമണ്‍ സകൂളിലെ അധ്യാപകരുടെ മൊഴി വിശദമായി രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു.
അനുജയും ഹാഷിമും ഒരു വര്‍ഷത്തിലേറെയായി അടുപ്പത്തിലായിരുന്നു എന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. യാത്രയ്ക്കിടെയാണ് ഇവര്‍ പരിചയത്തിലാകുന്നത്. സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു ഹാഷിം. ഇയാളുടെ സുഹൃത്തുക്കള്‍ക്കിടയില്‍ അനുജ പരിചിതയാണ്. ഇത്തരമൊരു അപകടം സൃഷ്ടിക്കാനുള്ള കാരണം വ്യാഴാഴ്ചയോ അല്ലെങ്കില്‍ അതിനോട് അടുത്ത ദിവസങ്ങളിലോ ഉണ്ടായിട്ടുണ്ടാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഇതേത്തുടര്‍ന്നാകാം അനുജയെ വകവരുത്തി സ്വയം ഇല്ലാതാകാന്‍ ഹാഷിം തീരുമാനിച്ചതെന്നാണ് പൊലീസിന് കരുതുന്നത്.