തിരുവനന്തപുരം: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏഴാമത് ഇന്റര്‍നാഷണല്‍ ജെല്ലിഫിഷ് ബ്ലൂംസ് സിമ്പോസിയം (ജെ.ബി.എസ് 7) കോവളത്തെ ഉദയ സമുദ്ര ഹോട്ടലില്‍നാളെ വൈകുന്നേരം അഞ്ചിന് കേരളസര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) മോഹനന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്യും. 21 മുതല്‍ 25 വരെ കേരളസര്‍വകലാശാലയും (അക്വാട്ടിക് ബയോളജി & ഫിഷറീസ് വകുപ്പ്) ICAR സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും (CMFRI) സംയുക്തമായാണ് JBS7 സംഘടിപ്പിക്കുന്നത്.
നവംബര്‍ 22 മുതല്‍ 25 വരെ കോവളത്തെ ആര്‍ട്ട്‌സ് ആന്റ് ക്രാഫ്റ്റ് വില്ലേജില്‍ സിമ്പോസിയം അവതരണങ്ങള്‍ ആരംഭിക്കും. നാഷണല്‍ ബയോഡൈവേഴ്‌സിറ്റി അതോറിറ്റി മുന്‍ ചെയര്‍പേഴ്‌സണും ഐ.സി.എ.ആര്‍. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലുമായ ഡോ. ബി. മീനാകുമാരി ആണ് വിശിഷ്ടാതിഥി. കാലിഫോര്‍ണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. മൈക്ക് ഡോസണ്‍ റിപ്പബ്ലിക് ഓഫ് സൗത്ത് ആഫ്രിക്ക, യൂണിവേഴ്‌സിറ്റി ഓഫ് വെസ്‌റ്റേണ്‍ കേപ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോഡൈവേഴ്‌സിറ്റി ആന്റ് കണ്‍സര്‍വേഷന്‍ ബയോളജിയിലെ പ്രൊഫ. മാര്‍ക്ക് ജോണ്‍ ഗിബ്ബണ്‍സ്, കേരളസര്‍വകലാശാല സിന്‍ഡിക്കേറ്റംഗങ്ങളായ പ്രൊഫ.(ഡോ.) പി.എം.രാധാമണി, ഡോ.ഗോപ്ചന്ദ്രന്‍ കെ.ജി., കേരളസര്‍വകലാശാല രജിസ്ട്രാര്‍ പ്രൊഫ. (ഡോ.) കെ. എസ്. അനില്‍ കുമാര്‍, സുഗന്ധി ദേവദാസന്‍ മറൈന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ.ജെ.കെ.പാറ്റേഴ്‌സണ്‍ എഡ്വേര്‍ഡ് എന്നിവര്‍ സംബന്ധിക്കും.
നവംബര്‍ 21ന് ലോക മത്സ്യത്തൊഴിലാളി ദിനം കൂടി ആചരിക്കുന്ന ദിനമായതിനാല്‍, കേരളത്തിലെ കരകൗശല മത്സ്യത്തൊഴിലാളിയുടെ പ്രതിനിധി ഷിബു ദാസനെ ആദരിക്കുകയും ജെല്ലി ഫിഷിനെക്കുറിച്ചുള്ള തന്റെ അറിവുകള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കുകയും ചെയ്യും. കൊച്ചി സി.എം.എഫ്.ആര്‍.ഐ.യിലെ മറൈന്‍ ബയോഡൈവേഴ്‌സിറ്റി ആന്റ് എന്‍വയോണ്‍മെന്റ് മാനേജ്‌മെന്റ് വിഭാഗം മേധാവി ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് നന്ദി രേഖപ്പെടുത്തും.
30 രാജ്യങ്ങളില്‍ നിന്നുള്ള 110 വിദേശ വിദഗ്ധര്‍ ഉള്‍പ്പെടെ 200 പ്രതിനിധികള്‍ (പ്രധാനമായും ഓസ്‌ട്രേലിയ, ബ്രസീല്‍, കാമറൂണ്‍, ഫ്രാന്‍സ്, ജര്‍മ്മനി, അയര്‍ലന്‍ഡ്, ഇറ്റലി, ജപ്പാന്‍, മലേഷ്യ, മെക്‌സിക്കോ, നോര്‍വേ, പോളണ്ട്, റിപ്പബ്ലിക് ഓഫ് കൊറിയ, റഷ്യ, സിംഗപ്പൂര്‍, സ്ലോവേനിയ, ദക്ഷിണാഫ്രിക്ക, സ്‌പെയിന്‍, ശ്രീലങ്ക, സ്വീഡന്‍, തായ്‌ലന്‍ഡ്, ഉറുഗ്വേ, യു എസ് എ എന്നീ രാജ്യങ്ങളില്‍ നിന്ന്) സമ്മേളനത്തില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ടിന്‍കാര ടിന്റ (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോളജി, സ്ലോവേനിയ), ജമീലിഹ് ജാവിദ്പൂര്‍ (സതേണ്‍ ഡെന്മാര്‍ക്ക് സര്‍വകലാശാല) കൊര്‍ണേലിയ ജാസ്‌പേഴ്‌സ് (ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഡെന്മാര്‍ക്ക്), അലന്‍ കോളിന്‍സ് (സ്മിത്‌സോണിയന്‍ നാഷണല്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി, യുഎസ്എ) എന്നിവരാണ് പ്രധാന പ്രഭാഷകര്‍.
നവംബര്‍ 23ന് രാവിലെ 10ന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ മാര്‍ക്ക് ജോണ്‍ ഗിബ്ബണ്‍സ് (വെസ്‌റ്റേണ്‍ കേപ്പ് യൂണിവേഴ്‌സിറ്റി, റിപ്പബ്ലിക് ഓഫ് സൗത്ത് ആഫ്രിക്ക) ‘ജെല്ലിഫിഷ്, പീപ്പിള്‍, ആന്‍ഡ് യുണൈറ്റഡ് നേഷന്‍സിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍’ എന്ന തലക്കെട്ടില്‍ ഒരു പൊതു പ്രഭാഷണം നടത്തും.
ജെല്ലിഫിഷ് വൈവിധ്യത്തില്‍ ഇന്ത്യ മുന്‍നിര രാജ്യങ്ങളിലൊന്നാണ്. സമുദ്രോത്പന്നങ്ങളുടെ കയറ്റുമതിയിലും ജെല്ലിഫിഷിന് ഒരു പ്രധാന പങ്കാണ്. കൂടാതെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് ജെല്ലിഫിഷ് മത്സ്യബന്ധനം സഹായിക്കുന്നു. ഇത്തരം കാര്യങ്ങള്‍ കണക്കിലെടുത്ത്, സിമ്പോസിയത്തിന്റെ പ്രത്യേക തീം ‘ജെല്ലിഫിഷ് മത്സ്യബന്ധനവും വ്യാപാരവും: സ്ഥിതി, പ്രവണതകള്‍, ഉപജീവനത്തിന്റെ ആഘാതങ്ങള്‍’, പ്രോഗ്രാം 2023 നവംബര്‍ 24ന് ആയിരിക്കും.