രാജ്യം നേരിടുന്ന പ്രശ്‌നങ്ങളില്‍ വിദ്യാര്‍ഥി ഇടപെടലുകള്‍ സജീവമാവണം: മന്ത്രി വി അബ്ദുറഹ്മാന്‍

Kerala

തിരൂര്‍: ഇന്ത്യന്‍ ജനാധിപത്യവും ജനതയും നേരിടുന്ന സമകാലിക പ്രശ്‌നങ്ങളില്‍ വിദ്യാര്‍ഥി ഇടപെടലുകള്‍ സജീവമാവണമെന്ന് കായിക, വഖ്ഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍. തിരൂര്‍ ടൗണ്‍ ഹാളില്‍ നടന്ന എം എസ് എം സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗം മത രാഷ്ട്രീയ ചിന്തകളാല്‍ മലീമസമായ, ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പോലും നിരാകരിക്കപ്പെടുന്ന ഒരു സാഹചര്യം ഇന്ന് രാജ്യത്ത് നിലവിലുണ്ട്. വിദ്യാര്‍ഥികളെ ബോധവത്കരിച്ച് ഇത്തരം ശ്രമങ്ങള്‍ക്കെതിരില്‍ പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നു കൊണ്ടേയിരിക്കേണ്ടത് രാജ്യത്തിന്റെ നിലനില്‍പ്പിന്ന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി തിരഞ്ഞെടുത്ത 1500 ഓളം വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുത്ത പരിപാടിയില്‍ കുറുക്കോളി മൊയ്തീന്‍ എം എല്‍ എ മുഖ്യാതിഥിയായി പങ്കെടുത്തു. കെ എന്‍ എം മര്‍ക്കസുദ്ദഅവ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍ എം ജലീല്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. എം എസ് എം സംസ്ഥാന പ്രസിഡന്റ് ജസീം സാജിദ് അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ് മങ്കട പ്രവര്‍ത്തന പദ്ധതികള്‍ അവതരിപ്പിച്ചു.

ഫൈസല്‍ നന്മണ്ട, ഡോ. ജാബിര്‍ അമാനി, അലി മദനി മൊറയൂര്‍, ഫിറോസ് കൊച്ചി, റിഹാസ് പുലാമന്തോള്‍, ജലീല്‍ മദനി വയനാട് എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. ഭാരവാഹികളായ
പി പി ജസിന്‍, നജീബ് നുഫൈല്‍ തിരൂരങ്ങാടി, നദീര്‍ മൊറയൂര്‍, സമാഹ് ഫാറൂഖി, നദീര്‍ കടവത്തൂര്‍, ഫഹീം പുളിക്കല്‍, സവാദ് പൂനൂര്‍, ശഹീം പാറന്നൂര്‍, അഡ്വ. നജാദ് കൊടിയത്തൂര്‍, ലുഖ്മാന്‍ പോത്തുകല്ല്, അന്‍ഷിദ് നരിക്കുനി, ഷഫീഖ് അസ്ഹരി, ബാദുഷ ഫൈസല്‍ തൊടുപുഴ, സാജിദ് ഈരാറ്റുപേട്ട, നജീബ് തവനൂര്‍ എന്നിവര്‍ സംബന്ധിച്ചു.