തിരുവനന്തപുരം: കൂട്ടില്‍ നിന്നും പുറത്ത് ചാടി തിരുവനന്തപുരം മൃഗശാല അധികൃതരെ വട്ടം കറക്കിയ കുരങ്ങ് ഒടുവില്‍ കൂട്ടിലായി. ജര്‍മന്‍ സാംസ്‌കാരിക കേന്ദ്രത്തിന്റെ ശുചിമുറിക്കകത്ത് നിന്നാണ് കുരങ്ങിനെ പിടികൂടിയത്. കഴിഞ്ഞ രണ്ടാഴ്ച്ചയായി ഹനുമാന്‍ കുരങ്ങിനെ പിടിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു മൃഗശാല അധികൃതര്‍. തിരുപ്പതിയിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നാണ് ഹനുമാന്‍ കുരങ്ങിനെ തിരുവനന്തപുരത്ത് എത്തിച്ചിരുന്നത്.
കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട കുരങ്ങ് മരങ്ങളിലേക്ക് കയറിയ ശേഷം തിരികെ കൂട്ടിലെത്താന്‍ തയ്യാറായില്ല. കുരങ്ങിനെ പിടികൂടാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പാഴാകുകയും ചെയ്തു. അതിനിടെ മൃഗശാലയുടെ കോമ്പൌണ്ട് വിട്ട് കുരങ്ങ് പുറത്തേക്ക് പോയി. പിന്നീട് നഗരത്തിന്റെ വിവിധയിടങ്ങളിലായി കുരങ്ങിനെ കുടുക്കാന്‍ പലവിധത്തിലും നോക്കിയെങ്കിലും കഴിഞ്ഞിരുന്നില്ല.