തിരുവനന്തപുരം: കേരളത്തിലെ ക്ഷീരകര്‍ഷകരുടെ പ്രയാസങ്ങള്‍ പരിഗണിച്ചും ഉത്പ്പാദനോപാധികളുടെ ഗണ്യമായ വില വര്‍ദ്ധനവ് കണക്കിലെടുത്തുമാണ് പാല്‍ വില വര്‍ധിപ്പിക്കുന്നതെന്ന് മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ കെ എസ് മണി അറിയിച്ചു. ലിറ്ററിന് ആറ് രൂപ നിരക്കില്‍ മില്‍മ പാലിന്റെ വില വര്‍ദ്ധനവ് ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 2019ന് ശേഷം ആദ്യമായാണ് മില്‍മ പാലിന്റെ വില്‍പ്പനസംഭരണ വില വര്‍ദ്ധിപ്പിക്കുന്നത്.
ഇതിനനുസരിച്ച് ഡബിള്‍ ടോണ്‍ഡ് മില്‍ക്ക് 500 മില്ലിക്ക് 24 രൂപയും ഹോമോജനൈസ് ചെയ്യാത്ത ടോണ്‍ഡ് മില്‍ക്ക് 500 മില്ലിക്ക് 25 രൂപയും ഹോമോജനൈസ് ചെയ്ത ടോണ്‍ഡ് മില്‍ക്ക് 500 മില്ലിക്ക് 26 രൂപയും ഹോമോജനൈസ് ചെയ്ത ടോണ്‍ഡ് മില്‍ക്ക് 525 മില്ലിക്ക് 28 രൂപയും സ്റ്റാന്‍ഡേഡൈസ്ഡ് മില്‍ക്ക് 500 മില്ലിക്ക് 29 രൂപയും പ്രൈഡ് മില്‍ക്ക് 520 മില്ലിക്ക് 28 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്.
പാല്‍ വില ലിറ്ററിന് ആറ് രൂപ വര്‍ദ്ധിപ്പിക്കുമ്പോള്‍ വര്‍ദ്ധനവിന്റെ 83.75 ശതമാനം (5.025 രൂപ) കര്‍ഷകര്‍ക്കും ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡിന് 0.75 ശതമാനവും (0.045 രൂപ) ഡീലര്‍മാക്കും സംഘങ്ങള്‍ക്കും 5.75 ശതമാനം വീതവും (0.345 രൂപ) മില്‍മക്ക് 3.5 ശതമാനവും (0.21 രൂപ) പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജനത്തിന് 0.5 ശതമാനവും ( 0.03 രൂപ) ലഭ്യമാകുന്ന രീതിയിലാണ് വിഭജിച്ചിരിക്കുന്നത്. 3.0/8.5 ഗുണനിലവാരമുളള പാല്‍ സംഘത്തില്‍ കര്‍ഷകര്‍ നല്‍കുമ്പോള്‍ 5.025 രൂപ കര്‍ഷകന് അധികമായി ലഭിക്കും. ഗുണനിലവാരത്തിനനുസരിച്ച് അധികവില ലഭിക്കുന്നതും മൊത്ത ഖരപദാര്‍ത്ഥങ്ങളുടെ അളവിനനുസരിച്ചുള്ളതുമായ ചാര്‍ട്ടാണ് മില്‍മ തയ്യാറാക്കിയിരിക്കുന്നത്.
3.0/8.5 ഗുണനിലവാരമുളള പാലിനാണ് ലിറ്ററിന് 5.03 രൂപ കര്‍ഷകന് വില വര്‍ദ്ധനവ് ലഭിക്കുന്നത്. സംസ്ഥാന ശരാശരിയായ 4.1/8.3 ഗുണനിലവാരമുളള പാലിന് മേഖലാ യൂണിയനുകള്‍ ലിറ്ററിന് 6.07 രൂപ വില വര്‍ദ്ധനവ് സംഘങ്ങള്‍ക്ക് നല്‍കുമ്പോള്‍ സംഘങ്ങളില്‍ നിന്നും കര്‍ഷകര്‍ക്ക് ലഭിക്കുന്ന വര്‍ദ്ധനവ് 5.68 രൂപയാണ്. കര്‍ഷകര്‍ക്ക് പരമാവധി സഹായം നല്‍കുക എന്ന രീതിയില്‍ ഗുണനിലവാരത്തിനനുസരിച്ച് ക്രമാനുഗതമായ ചാര്‍ട്ട് ശാസ്ത്രീയമായാണ് തയ്യാറാക്കിയിരിക്കുന്നത്. ഗുണനിലവാരം കൂടുതല്‍ ഉളള പാല്‍ നല്‍കുന്ന സംഘങ്ങള്‍ക്കും ഈ രീതിയില്‍ ക്രമാനുഗതമായ വര്‍ദ്ധനവ് ലഭിക്കും. കര്‍ഷകരെ പരമാവധി സഹായിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു.
കേരളത്തിന്റെ പാല്‍ ഉത്പ്പാദന ചെലവിനെക്കുറിച്ച് പഠിക്കുന്നതിന് കാര്‍ഷിക വെറ്റിനറി സര്‍വ്വകലാശാലകളില്‍ നിന്നുളള വിദഗ്ധരെ ഉള്‍പ്പെടുത്തി വിദഗ്ധസമിതിയ്ക്ക് മില്‍മ രൂപം നല്‍കിയിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് പ്രകാരം കര്‍ഷകര്‍ക്ക് ലിറ്ററിന് 8.57 രൂപ നഷ്ടമുളളതായാണ് കണക്കാക്കിയത്. സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് നിലവിലെ വില പരിഷ്‌കരണം.
മില്‍മ സംഭരണവില വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം സംസ്ഥാനസര്‍ക്കാരും ക്ഷീര കര്‍ഷകര്‍ക്ക് വിവിധ സബ്‌സിഡികള്‍ നല്‍കിവരുന്നുണ്ട്. ഇപ്പോള്‍ മില്‍മ നടപ്പാക്കുന്ന സംഭരണ വിലയിലുണ്ടാകുന്ന വര്‍ദ്ധനവ് ഉത്പ്പാദനചെലവുമൂലം ബുദ്ധിമുട്ടുന്ന ക്ഷീരകര്‍ഷകര്‍ക്ക് പ്രയോജനകരമാകുമെന്നും കൂടുതല്‍ കര്‍ഷകര്‍ ഈ മേഖലയിലേക്ക് വരുന്നതിന് പ്രേരകമാകുമെന്നും ചെയര്‍മാന്‍ അറിയിച്ചു.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പാല്‍ ഉത്പ്പാദനചെലവ് കേരളത്തില്‍ കൂടുതലാണ്. ഇത് കാരണം ക്ഷീര കര്‍ഷകര്‍ കടുത്ത ബുദ്ധിമുട്ടിലായിരുന്നത് കൊണ്ട് ഉത്പ്പാദനചെലവിന് ആനുപാതികമായി പാല്‍ വില വര്‍ദ്ധിപ്പിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോവിഡ് കാരണം മില്‍മക്ക് വിതരണത്തെക്കാള്‍ കൂടുതല്‍ അളവില്‍ പാല്‍ സംഭരിക്കേണ്ട സാഹചര്യമാണ് ഉണ്ടായിരുന്നത്. ഇങ്ങനെ സര്‍പ്ലസ്സായി പാല്‍ ഉണ്ടായിരുന്നതിനാല്‍ കര്‍ഷകരുടെ ആവശ്യപ്രകാരമുളള പാല്‍ വില വര്‍ദ്ധനവ് നടപ്പിലാക്കാന്‍ സാധിച്ചിരുന്നില്ല. പാല്‍വില വര്‍ദ്ധനവ് സംബന്ധിച്ചുളള മില്‍മ ഭരണസമിതിയുടെ ശുപാര്‍ശ സര്‍ക്കാരുമായി ചര്‍ച്ചചെയ്ത് ഉചിതമായ വര്‍ദ്ധനവ് നടപ്പിലാക്കുകയാണ് ചെയ്യുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു.
മില്‍മയുടെ കാലിത്തീറ്റ ഫാക്ടറികള്‍ ഏഴു മാസമായി നഷ്ടത്തിലാണ്. ഒക്ടോബര്‍ വരെയുളള കണക്ക് അനുസരിച്ച് 20.00 കോടി രൂപയോളം സഞ്ചിത നഷ്ടമുണ്ട്. 2019ലാണ് മില്‍മ കാലിത്തീറ്റ വില ഇതിന് മുന്‍പ് വര്‍ദ്ധിപ്പിച്ചത്. സംസ്ഥാന സര്‍ക്കാറിന്റെ കന്നുകുട്ടി പരിപാലന പദ്ധതിയ്ക്ക് നല്കുന്ന കാലിത്തീറ്റയുടെ വിലയും അന്ന് മില്‍മ വര്‍ധിപ്പിച്ചിരുന്നു. 2019ന് ശേഷം കാലിത്തീറ്റക്ക് മില്‍മ വില വര്‍ദ്ധിപ്പിച്ചില്ല എന്നുമാത്രമല്ല വലിയ അളവിലുളള സബ്‌സിഡി കര്‍ഷകര്‍ക്ക് നല്‍കി സഹായിക്കുന്നതിനും ശ്രമിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കാലിത്തീറ്റ വിലവര്‍ധനവിനെക്കുറിച്ച് പഠിക്കുന്നതിന് സമിതിയെ നിയോഗിച്ചിരുന്നു. അവരുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് കാലിത്തീറ്റയുടെ വില വര്‍ധിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.