കേരളത്തിന്‍റെ തിരിച്ചുവരവിന് കാരണമായത് പുതിയ ടൂറിസം കേന്ദ്രങ്ങളുടെ കണ്ടെത്തല്‍: ടൂറിസം മന്ത്രി

Business

തിരുവനന്തപുരം: അറിയപ്പെടാത്ത ടൂറിസം കേന്ദ്രങ്ങള്‍ കണ്ടെത്തി വികസിപ്പിച്ചതും നിലവിലുള്ള കേന്ദ്രങ്ങളെ ആഗോളനിലവാരത്തിലെത്തിച്ചുമാണ് കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് ദ്രുതഗതിയില്‍ കേരളം തിരിച്ചുവന്നതെന്ന് സംസ്ഥാന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇന്‍ഡോറഷ്യന്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം ഫെയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. റഷ്യന്‍ ഫെഡറേഷന്‍ ഹോണററി കോണ്‍സുലേറ്റ്, റഷ്യന്‍ ഹൗസ്, റഷ്യന്‍ എംബസി, സംസ്ഥാന ടൂറിസം വകുപ്പ് എന്നിവ സംയുക്തമായാണ് ഫെയര്‍ സംഘടിപ്പിച്ചത്.

കേരളവും റഷ്യയും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളതെന്ന് മന്ത്രി പറഞ്ഞു. സോവിയറ്റ് യൂണിയന്റെ കാലത്ത് തുടങ്ങിയ ബന്ധം റഷ്യന്‍ ഫെഡറേഷനുമായി തുടര്‍ന്നു വരാന്‍ സാധിച്ചു. കേരളത്തിലെ ലോകനിലവാരമുള്ള ടൂറിസം കേന്ദ്രങ്ങളും ജനങ്ങളുടെ ആതിഥേയത്വവും ആഗോള സഞ്ചാരികള്‍ക്കിടയില്‍ സംസ്ഥാനത്തെ പ്രിയപ്പെട്ടതാക്കുന്നു. കേരളത്തില്‍ നിന്ന് റഷ്യയിലേക്ക് സന്ദര്‍ശനം നടത്തുന്നവരുടെ എണ്ണവും ഏറി വരികയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളുടെയും ടൂറിസം വ്യവസായത്തില്‍ നിര്‍ണായകമായ പങ്ക് ഇന്‍ഡോറഷ്യന്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം ഫെയറിന് വഹിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

റഷ്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് കേരളം എന്താണ് നല്‍കാനാഗ്രഹിക്കുന്നതെന്നതിന്റെ വ്യക്തമായ ചിത്രം ഈ ഫെയറിലൂടെ ലഭിക്കുമെന്ന് ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എസ് ശ്രീനിവാസ് പറഞ്ഞു. റഷ്യയില്‍ നിന്ന് കൂടുതല്‍ ടൂറിസ്റ്റുകളെ കേരളത്തിലേക്കാകര്‍ഷിക്കാനുള്ള നടപടികള്‍ കഴിഞ്ഞ കുറച്ചു കാലമായി സക്രിയമായി എടുത്തു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

കേരള ടൂറിസം ഡയറക്ടര്‍ പി ബി നൂഹ് സ്വാഗതവും റഷ്യന്‍ ഹൗസ് ഡെ. ഡയറക്ടര്‍ കവിതാ നായര്‍ നന്ദിയും പറഞ്ഞു. ദക്ഷിണേന്ത്യ റഷ്യന്‍ കോണ്‍സുലര്‍ ജനറല്‍ ശ്രീ ഒലെഗ് അവ്ദീവ്, റഷ്യന്‍ ഫെഡറേഷന്‍ ഹോണററി കോണ്‍സല്‍ ഡയറക്ടര്‍ ശ്രീ രതീഷ് നായര്‍, റഷ്യന്‍ സര്‍ക്കാര്‍ പ്രതിനിധി സ്ലാറ്റ അന്റുഷേവ, കെ ടി എം പ്രസിഡന്റ് ബേബി മാത്യു, എസ് കെ എച് എഫ് വൈസ്പ്രസിഡന്റ് എം ആര്‍ നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

സംസ്ഥാനത്തെ ഹോട്ടല്‍, റിസോര്‍ട്ട്, ആയുര്‍വേദ, പുരവഞ്ചി മേഖലകളില്‍ നിന്നുള്ളവര്‍ക്ക് റഷ്യയില്‍ നിന്നും ബയര്‍മാരെ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള ടൂറിസം മേഖലയിലെ വിദഗ്ധരെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ചര്‍ച്ചയും ആശയവിനിമയവും നടത്തുന്നുണ്ട്. ഫെയറില്‍ ഒരുക്കിയിരിക്കുന്ന സ്റ്റാളുകള്‍ ഇതിന്റെ ദൃഷ്ടാന്തമാണ്.

കേരള ട്രാവല്‍ മാര്‍ട്ട്, ഇന്‍ഡോറഷ്യന്‍ ടൂറിസം ഫോറം പ്രതിനിധികളും പരിപാടിയുടെ പങ്കാളികളാണ്. ഇരു രാജ്യത്ത് നിന്നുമുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍, പ്രതിനിധികള്‍ തുടങ്ങിയവര്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *