മണിപ്പൂര്‍: മുസ്‌ലിം യൂത്ത് ലീഗ് ഐക്യദാര്‍ഢ്യ റാലി ചൊവ്വാഴ്ച

Kerala

കോഴിക്കോട്: സംഘര്‍ഷം കെട്ടടങ്ങിയിട്ടില്ലാത്ത മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കുക എന്നാവശ്യപ്പെട്ടും മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും റാലി സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി. കെ. ഫിറോസും പറഞ്ഞു. ജൂലൈ 25ന് ചൊവ്വാഴ്ച ജില്ല ആസ്ഥാനങ്ങളില്‍ ആണ് മുസ്‌ലിം യൂത്ത് ലീഗ് ഐക്യദാര്‍ഢ്യ റാലികള്‍ സംഘടിപ്പിക്കുക.

മാസങ്ങളായി എരിഞ്ഞ് കൊണ്ടിരിക്കുന്ന മണിപ്പൂരില്‍ കടുത്ത ഭരണകൂട ഭീകരതയാണ് നടമാടുന്നതെന്ന് തങ്ങളും ഫിറോസും തുടര്‍ന്നു. കേട്ടു കേള്‍വിയില്ലാത്ത ഈ ക്രൂരതക്ക് മുന്നില്‍ ഭരണകൂടം തികഞ്ഞ മൗനം പാലിക്കുന്നു. ഇതിനകം നിരവധി പേര്‍ക്ക് അക്രമങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുകയും ആയിരകണക്കിന് വീടുകളും കടകളും നശിപ്പിക്കപ്പെടുകയും ചെയ്തു. ബി.ജെ.പി സര്‍ക്കാറിന്റെ വിവേചനപരമായ സമീപനങ്ങളാണ് സംഘര്‍ഷത്തിന് വഴി തെളിയിച്ചത്. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ മെയ്തി വിഭാഗത്തെ പട്ടികവര്‍ഗമായി പ്രഖ്യാപിക്കാനുള്ള ഹൈക്കോടതിയുടെ നിര്‍ദ്ദേശമാണ് പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം. ഇതിന് വേണ്ടി ക്രിസ്ത്യാനികള്‍ ഏറെയുള്ള കുകി വിഭാഗത്തെ തഴയുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷം പിന്നീട് പടര്‍ന്നു. കുക്കി വിഭാഗത്തില്‍ പെട്ട രണ്ട് യുവതികളെ ബലാത്സംഗം ചെയ്ത് ആള്‍ക്കൂട്ടത്തിനിടയിലൂടെ നടത്തിയ വീഡിയോ പോലും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടു. കേട്ടുകേള്‍വിയില്ലാത്ത ഭീകരാന്തരീക്ഷമാണ് മണിപ്പൂരില്‍ നിലനില്‍ക്കുന്നത്. ഇതിന് പരിഹാരം കാണേണ്ട കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ മൗനം തുടരുകയാണ്. കലാപം തുടങ്ങി 80 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്ന് പ്രതികരിച്ചത്.

മണിപ്പൂരിലെ പുതിയ സംഭവങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കുകയും കുറ്റക്കാര്‍ക്കെതിരെ സ്വമേധയാ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. മണിപ്പൂരിലെ പാവപ്പെട്ട ജനതക്ക് സ്വൈര്യ ജീവിത സാഹചര്യം ഒരുക്കാന്‍ അധികാര വര്‍ഗ്ഗം ഇടപെടണമെന്നും സംഘര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നുമാണ് യൂത്ത് ലീഗ് ആവശ്യപ്പെടുന്നത്. മണിപ്പൂരിലെ ജനതയോടുള്ള യൂത്ത് ലീഗിന്റെ ഐക്യദാര്‍ഢ്യത്തിന് മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്തു. മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതകള്‍ക്ക് വിധേയമാകുന്ന മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു യൂത്ത് ലീഗ് നടത്തുന്ന റാലിയില്‍ അണിനിരക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളോടും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.