തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നം പൂവണിയുന്നു. വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ ഒക്ടോബര്‍ നാലിന് എത്തും. സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ് ഇക്കാര്യം അറിയിച്ചത്. അന്നേ ദിവസം വൈകിട്ട് നാലിന് കേന്ദ്ര തുറമുഖമന്ത്രിയുടെയും മുഖ്യമന്ത്രിയുടേയും നേതൃത്വത്തില്‍ സ്വീകരണമൊരുക്കുമെന്ന് തുറമുഖ മന്ത്രി പറഞ്ഞു.
ഒക്ടോബര്‍ 28ന് രണ്ടാമത്തെ കപ്പലും നവംബര്‍ 11, 14 തീയതികളിലായി തുര്‍ന്നുള്ള ചരക്ക് കപ്പലുമെത്തും. ചൈനയിലെ ഷാങ്ഹായ് തുറമുഖത്ത് നിന്ന് തുറമുഖത്തിനാവശ്യമായ കൂറ്റന്‍ ക്രയിനുകള്‍ വഹിച്ചുകൊണ്ടാണ് ആദ്യകപ്പല്‍ എത്തുന്നത്. കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സര്‍ബാനന്ദ് സോനോവള്‍ ഔദ്യോഗികമായി കപ്പലിനെ സ്വീകരിക്കും. തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
തുറമുഖത്തിനായി ആകെ നിര്‍മ്മിക്കേണ്ട പുലിമുട്ടിന്റെ മുക്കാല്‍ഭാഗവും പൂര്‍ത്തിയായിട്ടുണ്ട്. ബര്‍ത്ത് നിര്‍മാണവും അവസാന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.