ഏക സിവില്‍ കോഡ് മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന വിഷയമല്ല: പ്രതിപക്ഷ നേതാവ്

Kerala

കോഴിക്കോട്: ഏക സിവില്‍ കോഡ് മുസ്ലീകളെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നാണ് കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും നിലപാടെന്നും അതുകൊണ്ടാണ് തെരുവില്‍ ഇറങ്ങാതെ എല്ലാവരെയും അണി നിരത്തി പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. കോഴിക്കോട് വിവിധ പരിപാടികളിലും മാധ്യമങ്ങളോടും പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏക സിവില്‍ കോഡില്‍ വൈകിയാണ് കോണ്‍ഗ്രസ് അഭിപ്രായം പറഞ്ഞതെന്നത് സി.പി.എം നരേറ്റീവാണ്. ഇപ്പോഴും വ്യക്തതയില്ലാത്തത് സി.പി.എമ്മിനാണ്. ഭോപ്പാലിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് ഏക സിവില്‍ കോഡിനെതിരായ നിലപാട് നേരായി വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ലമെന്ററി സമിതിയിലും കോണ്‍ഗ്രസാണ് ഏക സിവില്‍ കോഡിനെ എതിര്‍ത്തത്.

സിവില്‍ കോഡിന്റെ പേരില്‍ ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടയുമായാണ് സി.പി.എമ്മും ഇറങ്ങിയിരിക്കുന്നത്. ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് പറഞ്ഞത് ഇ.എം.എസാണ്. അതു നടപ്പാക്കാന്‍ വേണ്ടി ജനാധിപത്യ മഹിളാ അസോസിയേഷനോട് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്താന്‍ പറഞ്ഞതും ഇ.എം.എസ്സാണ്. നയരേഖയില്‍ മാറ്റം വരുത്തിയെന്നും ഇ.എം.എസിന്റെ അഭിപ്രായമല്ല ഇപ്പോള്‍ പാര്‍ട്ടിക്കുള്ളതെന്നും ഇ.എം.എസിനെ തള്ളിപ്പറയുകയാണെന്നും തുറന്ന് പറയാന്‍ എം.വി ഗോവിന്ദന് ധൈര്യമുണ്ടോ? ബി.ജെ.പിയുടെ കെണിയില്‍ വീഴാന്‍ തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭ കയ്യാങ്കളി കേസില്‍ വിചാരണ നടന്നാല്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ ശിക്ഷിക്കപ്പെടും. അതുകൊണ്ടാണ് കേസ് പരമാവധി നീട്ടാന്‍ ശ്രമിക്കുന്നത്. സ്‌റ്റേറ്റിന് വേണ്ടി ഹാജരാകേണ്ട പ്രോസിക്യൂഷനെ വരെ ദുര്‍ബലപ്പെടുത്തുകയാണ്. വിചാരണ തുടങ്ങുന്നതിന് മുന്‍പ് പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നത് കേസ് നീട്ടിക്കൊണ്ടു പോകുന്നതിന് വേണ്ടിയാണ്.
പല തരത്തിലുള്ള അന്വേഷണങ്ങള്‍ നടന്ന കേസാണ്. ഇത്രയധികം സാക്ഷികളുള്ള കേസ് വേറെയുണ്ടായിട്ടില്ല. ലോകത്തുള്ള മലയാളികള്‍ മുഴുവനും സാക്ഷികളാണ്. ഇപ്പോഴും പൊതുവിദ്യാഭ്യാസ മന്ത്രി മേശയ്ക്ക് മേല്‍ കയറി മുണ്ട് മടക്കിക്കുത്തി നില്‍ക്കുന്ന ചിത്രം കുഞ്ഞുങ്ങള്‍ക്ക് പോലും കാണാപാഠമാണ്.

ലക്ഷക്കണക്കിന് മനുഷ്യര്‍ നേരിട്ട് കണ്ടൊരു കുറ്റകൃത്യം ഇങ്ങനെ .ലോകത്തുണ്ടായിട്ടില്ല. എന്നിട്ടും കുറ്റകൃത്യം നേരിട്ട് കണ്ട ജനങ്ങളെ മുഴുവന്‍ വിഡ്ഢികളാക്കി നിയമ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുകയാണ്. പൊലീസിനെ പോലെ സര്‍ക്കാര്‍ പ്രോസിക്യൂഷനെയും ദുരുപയോഗപ്പെടുത്തുകയാണെന്നും സതീശന്‍ ആരോപിച്ചു.