15 ചിത്രങ്ങള്‍, 14 സംവിധായകര്‍
ദക്ഷിണ കൊറിയന്‍ വൈവിധ്യക്കാഴ്ചകളുമായി ഓറ്റര്‍ ഒട്‌സ്

Cinema News

തിരുവനന്തപുരം: സര്‍റിയലിസം, സൈക്കോളജിക്കല്‍ ഫിക്ഷന്‍, ഡാര്‍ക്ക് ഹ്യൂമര്‍ എന്നിവ പ്രമേയമാക്കിയ 14 വിസ്മയ ചിത്രങ്ങള്‍ രാജ്യാന്തര മേളയില്‍. ദക്ഷിണ കൊറിയ, തുര്‍ക്കി, ഇറാന്‍, ജര്‍മ്മനി, പോളണ്ട് തുടങ്ങിയ 10 രാജ്യങ്ങളിലെ ചലച്ചിത്ര പ്രതിഭകളുടെ വിസ്മയ ചിത്രങ്ങളാണ് മേളയിലെ ഓറ്റര്‍ ഒട്‌സ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.

ഇറാനിയന്‍ സംവിധായകരായ ബാഹ്മാന്‍ ഗൊബാദി, ജാഫര്‍ പനാഹി എന്നിവരുടെ ദി ഫോര്‍ വാള്‍സ്,നോ ബിയേഴ്‌സ്, ദക്ഷിണ കൊറിയന്‍ സംവിധായകനായ കിം കിം ഡുക്കിന്റെ അവസാന ചിത്രം കാള്‍ ഓഫ് ഗോഡ്, ഹിറോകാസു കൊറേദയുടെ ബ്രോക്കര്‍, ഹോംഗ് സാങ് സൂ ചിത്രങ്ങളായ ദ വാക്ക് അപ്പ്, ദി നോവലിസ്റ്റ്‌സ് ഫിലിം, പാര്‍ക് ചാങ് വൂക്കിന്റെ ഡിസിഷന്‍ ടു ലീവ്, റഷ്യന്‍ സംവിധായകനായ അലക്‌സാണ്ടര്‍ സോക്‌റോവിന്റെ ഫെയറിടൈല്‍, ലാവ് ദിയാസിന്റെ വെന്‍ ദി വേവ്‌സ് ആര്‍ ഗോണ്‍ തുടങ്ങിയ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ദി ഫോര്‍ വാള്‍സിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണ് മേളയിലേത്.

മേളയുടെ ഉദ്ഘാടന ചിത്രമായ ടോറി ആന്‍ഡ് ലോകിത, ആഫ്രിക്കന്‍ അധിനിവേശ സിനിമകളിലൂടെ ശ്രദ്ധേയയായ ക്ലെയര്‍ ഡെനിസിന്റെ ബോത്ത് സൈഡ്‌സ് ഓഫ് ദി ബ്ലേഡ്/ ഫയര്‍, ജര്‍മ്മന്‍ സംവിധായകന്‍ ഫാ ത്തിഹ് അക്കിന്റെ റീന്‍ ഗോള്‍ഡ്, സാമുവേല്‍ ഡി ഹണ്ടറിന്റെ പ്രശസ്ത നാടകത്തെ അടിസ്ഥാനമാക്കി ഡാരെന്‍ അരൊനോഫ്‌സ്‌കി സംവിധാനം ചെയ്ത അമേരിക്കന്‍ ചിത്രം ദി വെയില്‍, ക്രിസ്ത്യന്‍ മുംച്യൂവിന്റെ ആര്‍ എം എന്‍ എന്നിവയും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

ലോക പ്രസിദ്ധ പോളിഷ് സംവിധായകനായ ക്രിസ്‌റ്റോഫ് സനൂസിയുടെ ദ പെര്‍ഫെക്റ്റ് നമ്പര്‍ എന്ന ചിത്രവും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വാര്‍ദ്ധക്യത്തിന്റെ ആകുലതകളുമായി അനൂറും പ്ലാന്‍ സെവന്റിഫൈവും

ജപ്പാനില്‍ പ്രായമായവരെ ദയാവധം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന പദ്ധതി പ്രമേയമാക്കിയ പ്ലാന്‍ 75, ആസാമീസ് ചിത്രം അനൂര്‍ എന്നിവ ഉള്‍പ്പടെ രാജ്യാന്തര മേളയില്‍ വാര്‍ദ്ധക്യത്തിന്റെ ആകുലതകള്‍ പ്രമേയമാക്കിയ പത്തിലധികം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

78 കഴിഞ്ഞ മിച്ചി എന്ന വനിത ജീവിതം ആസ്വദിക്കാന്‍ നടത്തുന്ന പരിശ്രമങ്ങളും അതിനു വിഘാതമായ നില്‍ക്കുന്ന നിയമ വ്യവസ്ഥിതിയും ഇതിവൃത്തമാക്കിയാണ് ചീ ഹായകവേ ‘പ്ലാന്‍ 75 ‘ നിര്‍മ്മിച്ചിരിക്കുന്നത്. കാനിലും ടോറോന്റോയിലും ജനപ്രീതി നേടിയ ചിത്രം രാജ്യാന്തര മേളയില്‍ ലോക സിനിമ വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്.

റിട്ട.അധ്യാപികയുടെ ഒറ്റപ്പെട്ട ജീവിതം പ്രമേയമാക്കിയ അസമീസ് ചിത്രം അനൂറിന്റെ ലോകത്തിലെ ആദ്യപ്രദര്‍ശനമാണ് മേളയിലേത്. മൊഞ്ജുള്‍ ബറുവയാണ് ഏകാന്ത ജീവിതം സൃഷ്ടിക്കുന്ന ജീവിത പ്രതിസന്ധികളെ തന്മയത്തത്തോടെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധായിക.
സത്യജിത് റേയുടെ ഗോള്‍പ്പോ ബോലിയെ താരിണി ഖൂറോ എന്ന ചെറുകഥയെ ആധാരമാക്കി അനന്ത നാരായണ്‍ മഹാദേവന്‍ സംവിധാനം ചെയ്ത ദി സ്‌റ്റോറിറ്റെല്ലര്‍ ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

ഡിമെന്‍ഷ്യ ബാധിച്ച എണ്‍പത്തിനാലുകാരനായ നടന്റെ ജീവിത കഥ പറയുന്ന മസഹിറോ കൊബായാഷി ചിത്രം ലിയര്‍ ഓണ്‍ ദി ഷോര്‍ ഹോമേജ് വിഭാഗത്തിലും, ബുയ് കിം ക്വി സംവിധാനം ചെയ്ത മെമ്മറിലാന്‍ഡ്, എഫ്. ഡബ്ലിയു. മുര്‍ണൗ സംവിധാനം ചെയ്ത ദി ലാസ്റ്റ് ലാഫ്, അലജാന്ദ്രോ ഗ്രീസി സംവിധാനം ചെയ്ത ബൊളീവിയന്‍ ചിത്രം ഉത്താമ, വെറ്റ് ഹെല്‍മെറുടെ ദി ബ്രാ, ബഹ്മാന്‍ ഗോബാഡിയുടെ ദി ഫോര്‍ വാള്‍സ് തുടങ്ങിയവയും മേളയില്‍ വാര്‍ദ്ധക്യത്തിലെ മനുഷ്യരുടെ കഥ പറയുന്ന ചിത്രങ്ങളാണ്.

വാര്‍ധക്യത്തിന്റെ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യുന്ന രണ്ടു മലയാളചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും. സതീഷ് ബാബുസേനന്‍ ,സന്തോഷ് ബാബുസേനന്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ ‘ഭര്‍ത്താവും ഭാര്യയും മരിച്ച രണ്ടു മക്കളും’ എന്ന ചിത്രം അകാലത്തില്‍ നഷ്ടമായ മക്കളുടെ ഓര്‍മ്മകളില്‍ ജീവിക്കുന്ന വൃദ്ധദമ്പതികളുടെ ജീവിതമാണ് അനാവരണം ചെയ്യുന്നത്. ഫ്രീഡംഫൈറ്റ് എന്ന ആന്തോളജി സിനിമയില്‍ ജിയോബേബി സംവിധാനം ചെയ്ത ഹ്രസ്വചിത്രം ഓള്‍ഡ് ഏജ് ഹോമും വാര്‍ധക്യത്തിന്റെ ആകുലതകളാണ് പ്രമേയമാക്കിയിരിക്കുന്നത്

പ്രേക്ഷകരുടെ നെഞ്ചിടിപ്പിന് വേഗത കൂട്ടാന്‍ മിഡ്‌നൈറ്റ് സ്‌ക്രീനിങ്ങില്‍ സാത്താന്‍സ് സ്ലേവ്‌സ് 2

പേടി ആസ്വദിക്കാനുള്ള പ്രേക്ഷക താല്‍പ്പര്യം മുന്‍നിറുത്തി ഇത്തവണ രാജ്യാന്തര മേളയിലെ മിഡ്‌നൈറ്റ് സ്‌ക്രീനിങ്ങില്‍ ഇന്തോനേഷ്യന്‍ ചിത്രം സാത്താന്‍സ് സ്ലേവ്‌സ് 2 കമ്മ്യൂണിയന്‍ പ്രദര്‍ശിപ്പിക്കും.
2017 ല്‍ പുറത്തിറങ്ങിയ സാത്താന്‍സ് സ്ലേവ്‌സിന്റെ രണ്ടാം ഭാഗമായ ചിത്രം ഐമാക്‌സിലാണ് ചിത്രീകരിച്ചി രിക്കുന്നത്. ഹൊറര്‍ സിനിമകളിലൂടെ പ്രശസ്തനായ ജോക്കോ അന്‍വറാണ് ചിത്രത്തിന്റെ സംവിധായകന്‍.

വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ദാരുണമായ സംഭവത്തിന് ശേഷം അമ്മയെയും ഇളയ സഹോദരനെയും നഷ്ടമായ റിനിയും കുടുംബവും സ്വസ്ഥജീവിതമന്വേഷിച്ചു ഫ്‌ലാറ്റിലേക്ക് താമസം മാറ്റുന്നു. അയല്‍ക്കാര്‍ ആരാണെന്ന് മനസ്സിലാക്കാതെയുള്ള കുടുംബത്തിന്റെ ഭയ വിഹ്വലമായ ജീവിതമാണ് ചിത്രം പ്രമേയമാക്കിയിരിക്കുന്നത്.

ഈ വര്‍ഷം ബുസാന്‍ മേളയില്‍ പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിന്റെ ആദ്യ ഭാഗമായ സാത്താന്‍സ് സ്ലേവ്‌സ്, 22 ാമത് ഐ എഫ് എഫ് കെ യില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ചലച്ചിത്ര മേളയിലെ തുറന്ന വേദിയായ നിശാഗന്ധിയിലാണ് സാത്താന്‍സ് സ്ലേവ്‌സ് പ്രദര്‍ശിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *