മറവന്‍തുരുത്തിലെ സ്ട്രീറ്റ് പദ്ധതി പഠിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പ്രതിനിധി സംഘം

Business Travel

കോട്ടയം: വേള്‍ഡ് ട്രാവല്‍ മാര്‍ട്ടിന്റെ ഗ്ലോബല്‍ അവാര്‍ഡ് നേടിയ ഉത്തരവാദിത്ത ടൂറിസം മിഷന്റെ സ്ട്രീറ്റ് പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരിന്റെ ഔദ്യോഗിക സംഘം കോട്ടയം മറവന്‍തുരുത്തില്‍ എത്തി. പദ്ധതിയുടെ ഭാഗമായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ഗ്രാമീണ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും അനുഭവങ്ങള്‍ നേരിട്ടറിയുകയും പ്രവര്‍ത്തനങ്ങള്‍ പഠിക്കുകയുമാണ് ലക്ഷ്യം.

കേരള മാതൃകയില്‍ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ഉത്തരവാദിത്ത ടൂറിസത്തെക്കുറിച്ച് പഠിക്കുന്നതിനായി മധ്യപ്രദേശ് ടൂറിസം ബോര്‍ഡും കേരളവുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് സന്ദര്‍ശനം. കൊച്ചിയില്‍ എത്തിയ സംഘത്തെ ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ രൂപേഷ്‌കുമാര്‍ സ്വീകരിച്ചു.

മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തില്‍ സംഘത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ കെ ബി രമ, വൈസ് പ്രസിഡന്റ് വി ടി പ്രതാപന്‍, ഉത്തരവാദിത്ത ടൂറിസം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഭഗത് സിംഗ്, ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വരവേറ്റു. പഞ്ചായത്തില്‍ നടക്കുന്ന ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുമായി സംഘാംഗങ്ങള്‍ ചര്‍ച്ച നടത്തി. തദ്ദേശീയരായ വനിതകളുടെ നേതൃത്വത്തില്‍ കോല്‍ക്കളിയും ഇടയ്ക്ക വാദനവും സോപാനസംഗീത അവതരണവും നടന്നു. കൂട്ടുമ്മേല്‍ മുതല്‍ മൂഴിക്കല്‍ വരെ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ആര്‍ട്ട് സ്ട്രീറ്റ് വാക്കും കുലശേഖരമംഗലം ഉത്തരവാദിത്ത ടൂറിസം ക്ലബ്ബുമായുള്ള ചര്‍ച്ചയും നടന്നു. വാട്ടര്‍ സ്ട്രീറ്റില്‍ കയാക്കിങ്ങില്‍ പങ്കെടുത്ത അംഗങ്ങള്‍ കളരിപ്പയറ്റും ആസ്വദിച്ചു. തുടര്‍ന്ന് ഉത്തരവാദിത്ത ടൂറിസം മിഷന്റെ അയ്മനം വില്ലേജ് ലൈഫ് അനുഭവങ്ങളുടെയും ഭാഗമായി.

സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായ വയനാട്ടിലെ ചേകാടി സന്ദര്‍ശിക്കുന്ന സംഘം തൃക്കേപ്പറ്റ, മൊതക്കര എന്നിവിടങ്ങളിലുമെത്തും. വയനാട് ഡി ടി പി സിയുടെ പ്രവര്‍ത്തനങ്ങള്‍ പഠിക്കുന്നതിനായി ഡി ടി പി സി സെന്ററുകള്‍ സന്ദര്‍ശിക്കുന്ന സംഘം ഡിസംബര്‍ ഏഴിന് മധ്യപ്രദേശിലേക്ക് തിരിക്കുമെന്ന് കേരളമധ്യപ്രദേശ് സംയുക്ത ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ കൂടിയായ കെ രൂപേഷ്‌കുമാര്‍ പറഞ്ഞു.

2019 ലാണ് മധ്യപ്രദേശുമായുള്ള കരാര്‍ നിലവില്‍ വന്നത്. കേരളത്തെ മാതൃകയാക്കി ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാണ് മധ്യപ്രദേശ്. ആറ് സബ് കളക്ടര്‍മാര്‍ ഉള്‍പ്പെടെ 16 പേരാണ് പഠന സംഘത്തിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *