കൊച്ചി: സിനിമ നടന്‍ കൊച്ചു പ്രേമന്‍ (68) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്ത തുടര്‍ന്ന് അദ്ദേഹത്തിന് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ഇന്ന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്ക് കോണ്ടുപോകുന്നതിനിടെയാണ് മരണത്തിന് കീഴടങ്ങിയത്.
ഏഴു നിറങ്ങള്‍ എന്ന സിനിമയിലൂടെയാണ് കൊച്ചുപ്രേമന് സിനിമയില്‍ എത്തുന്നത്. തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ പഞ്ചായത്തില്‍ പേയാട് എന്ന ഗ്രാമത്തില്‍ ശിവരാമ ശാസ്ത്രികളുടേയും കമലത്തിന്റെയും മകനായി 1955 ജൂണ്‍ ഒന്നിനാണ് കൊച്ചു പ്രേമന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസം പേയാട് ഗവ.സ്‌കൂളില്‍ പൂര്‍ത്തിയാക്കിയ കൊച്ചു പ്രേമന്‍ തിരുവനന്തപുരം എം ജി കോളെജില്‍ നിന്നാണ് ബിരുദം നേടിയത്.
നാടക രംഗത്തുനിന്നാണ് അദ്ദേഹം സിനിമയില്‍ എത്തുന്നത്. ധാരാളം ആരാധകരെ സൃഷ്ടിച്ച കൊച്ചുപ്രേമന്റെ പ്രശസ്തമായ നാടകങ്ങളാണ് കേരള തീയേറ്റേഴ്‌സിന്റെ അമൃതം ഗമയാ, വെഞ്ഞാറമൂട് സംഘചേതനയുടെ സ്വാതി തിരുനാള്‍, ഇന്ദുലേഖ, രാജന്‍ പി ദേവിന്റെ ആദിത്യമംഗലം ആര്യവൈദ്യശാല എന്നിവ. സിനിമാ സീരിയല്‍ താരം ഗിരിജയാണ് കൊച്ചുപ്രേമന്റെ ഭാര്യ. മകന്‍ ഹരികൃഷ്ണന്‍.