തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മൗനം പാലിച്ച് പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി നല്‍കിയെന്ന രേഖകള്‍ പുറത്തുവന്നിട്ടും പ്രതികരിക്കാനോ പ്രതിഷേധിക്കാനോ തയ്യാറാകാതെ പ്രതിപക്ഷം മൗനം പാലിക്കുന്ന കാഴ്ചയാണ് നിയമസഭയില്‍ കണ്ടത്. സിഎംആര്‍എല്‍ പണം നല്‍കിയവരുടെ രേഖയില്‍ യു ഡി എഫ് നേതാക്കളുടെ പേരും പുറത്തുവന്നതോടെയാണ് പ്രതിപക്ഷത്തിന്റെ വായ അടഞ്ഞുപോയത്.
വലിയ ഒരു പ്രതിസന്ധിയില്‍ അകപ്പെടുമായിരുന്ന ഭരണപക്ഷം പ്രതിപക്ഷത്തിന്റെ മൗനത്തില്‍ തത്ക്കാലം രക്ഷപ്പെടുകയായിരുന്നു. നിയമസഭ നടക്കുന്ന സമയമായതിനാല്‍ മുഖ്യമന്ത്രിയെ കൊണ്ട് വിഷയത്തില്‍ പ്രതികരിപ്പിക്കാന്‍ കിട്ടിയ ഒരു അവസരമാണ് പ്രതിപക്ഷം ഇല്ലാതാക്കിയത്. മുഖ്യമന്ത്രിയുടെ മകള്‍ വീണ ഉള്‍പ്പെട്ട മാസപ്പടി വിവാദം ഇതോടെ കെട്ടടങ്ങുകയാണ്. സഭയില്‍ ശക്തമായി ഈ വിഷയം ഉന്നയിച്ചാല്‍ തിരിച്ചടി ആവുമോ എന്ന ഭയമാണ് പ്രതിപക്ഷത്തെ പിന്നോട്ടടിപ്പിച്ചത്.
കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടെയില്‍ ലിമിറ്റഡ്(CMRL) കമ്പനിയുടെ ഓഫീസിലും മാനേജിങ് ഡയറക്ടായ ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും 2019 ജനുവരി 25നായിരുന്നു ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം റെയ്ഡ് നടത്തിയത്. പരിശോധനയ്ക്കിടെ യാദൃശ്ചികമായി ഒരു ഡയറി കിട്ടി. ഇതിലാണ് മാസപ്പടിയുടെ കണക്കുകള്‍ രേഖപ്പെടുത്തിയിരുന്നത്.
പൊതുമരാമത്ത് മന്ത്രിടെ ഭാര്യയും മുഖ്യമന്ത്രിയുടെ മകളുമായ വീണയുടെ ഉടമസ്ഥതയിലുളള എക്‌സാലോജിക് കമ്പനിക്ക് 2017 മുതല്‍ മൂന്ന് വര്‍ഷം നല്‍കിവന്ന പണത്തിന്റെ കണക്കുകള്‍ ഇതില്‍ കണ്ടെത്തിയിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് എതിര്‍കക്ഷികള്‍ക്ക് വിശദീകരിക്കാനാകാത്ത ഇടപാടുകളെന്ന് കേന്ദ്ര ഏജന്‍സിക്ക് ബോധ്യപ്പെട്ടത്. കേരളാ തീരത്തെ കരിമണല്‍ ഖനനത്തിനായി പതിറ്റാണ്ടുകളായി ശ്രമം നടത്തുന്ന സിഎംആര്‍എല്ലിന്റെ സോഫ്റ്റ് വെയര്‍ അപ്‌ഡേഷനുവേണ്ടിയാരുന്നു വീണാ വിജയന്റെ ഉടമസ്ഥയിലുള്ള എക്‌സാലോജിക്കിന് പണം നല്‍കിയതെന്നായിരുന്നു വിശദീകരണം. എന്നാല്‍ എക്‌സാലോജിക്ക് ഒരു സഹായവും നല്‍കിയിരുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെയാണ് മാസപ്പടിയാണ് ഇതെന്ന ആരോപണം ഉയര്‍ന്നത്.
സിഎംആര്‍എല്ലില്‍ യാതൊരു സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷനും നടന്നിട്ടില്ലെന്ന് ഇന്‍കം ടാക്‌സ് അന്വേഷണത്തില്‍ കണ്ടെത്തി. ബാങ്ക് മുഖേനയാണ് പണം കൈമാറിയതെന്നും കളളപ്പണ ഇടപാടല്ലെന്നുമായിരുന്നു സിഎംആര്‍എല്‍ നിലപാട്. എന്നാല്‍ ഇല്ലാത്ത സേവനത്തിന് മാസം തോറും പണം നല്‍കിയത് വഴിവിട്ട ഇടപാടാണെന്ന് ഇന്‍കം ടാക്‌സ് വാദിച്ചു. വീണയുടെ സ്ഥാപനവുമായി യാതൊരു സാമ്പത്തിക ഇടപാടും ഇല്ലെന്നും ഒന്നും ഓര്‍ക്കുന്നില്ലെന്നുമാണ് സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.