ഒരു സീറ്റിലെങ്കിലും സഹായിക്കണം, ലാവലിനും സ്വര്‍ണക്കടത്തും ഒഴിവാക്കാം: ബി ജെ പി സി പി എമ്മുമായി ചര്‍ച്ച നടത്തിയെന്ന് നന്ദകുമാര്‍

Kerala

കൊച്ചി: തെരഞ്ഞെടുപ്പില്‍ സി പി എമ്മിന്റെ സഹായം തേടി ബി ജെ പി ചര്‍ച്ച നടത്തിയെന്ന് ദല്ലാള്‍ നന്ദകുമാര്‍. ഒരു സീറ്റിലെങ്കിലും ബി ജെ പിക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രകാശ് ജാവദേക്കറാണ് ഇ പി ജയരാജനുമായി സംസാരിച്ചതെന്നും നന്ദകുമാര്‍ പറഞ്ഞു. ബി ജെ പി സഹായം ആവശ്യപ്പെട്ട സീറ്റില്‍ സി പി ഐയാണ് മത്സരിക്കുന്നതെന്നതിനാല്‍ ഇ പി ജയരാജന്‍ സമ്മതിച്ചില്ലെന്നാണ് നന്ദകുമാര്‍ പറഞ്ഞത്. കൊച്ചിയിലെ വാര്‍ത്താ സമ്മേളനത്തിലാണ് നന്ദകുമാര്‍ ഇക്കാര്യം പറഞ്ഞത്.

ഇടതുമുന്നണി സഹായിച്ചാല്‍ ബി ജെ പിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്ന് ജാവദേക്കാര്‍ ഇ പിയോട് പറഞ്ഞു. പകരം എസ് എന്‍സി ലാവലിന്‍ കേസ്, സ്വര്‍ണ്ണക്കടത്ത് കേസ് എന്നിവ സെറ്റില്‍ ചെയ്ത് തരാം എന്ന ഉറപ്പും കൊടുത്തു. പക്ഷെ സി പി ഐ മത്സരിക്കുന്ന ഈ ഡീല്‍ നടന്നില്ലെന്നും ആദ്യ ചര്‍ച്ച പരാജയപ്പെട്ടു പോയെന്നും ടി ജി നന്ദകുമാര്‍ വെളിപ്പെടുത്തി.

പിണറായിയുടെ രക്ഷകന്‍ ആകാനായിരുന്നു ഇ പി യുടെ ചര്‍ച്ച. ഒരേ ഒരു സീറ്റില്‍ വിട്ടുവീഴ്ച്ച വേണമെന്നായിരുന്നു ജാവദേക്കര്‍ ആവശ്യപ്പെട്ടത്. തിരുവനന്തപുരത്തെ ഒരു ഫഌറ്റില്‍ വച്ചായിരുന്നു ജാവദേക്കറുമായുള്ള കൂടിക്കാഴ്ച്ച നടന്നത്. ഇ പിക്ക് കൂടിക്കാഴ്ച്ചയെക്കുറിച്ച് മുന്‍ധാരണ ഇല്ലായിരുന്നു. ജാവദേക്കര്‍ വരുന്ന കാര്യം താന്‍ ഇ പിയോട് പറഞ്ഞിരുന്നില്ല. ബി ജെ പിയില്‍ ചേരാന്‍ ഇ പി ചര്‍ച്ച ചെയ്തിട്ടില്ല. പിണറായിയുടെ രക്ഷകനായാണ് ചര്‍ച്ച നടത്തിയത്. നന്ദകുമാര്‍ പറഞ്ഞു.

ആദ്യം തൃശൂര്‍ സീറ്റിന് വേണ്ടിയായിരുന്നു ജാവദേക്കര്‍ ചര്‍ച്ച നടത്തിയത്. അത് സി പി ഐ സീറ്റ് ആയതിനാല്‍ ചര്‍ച്ച വഴിമുട്ടി. ചര്‍ച്ച വിജയിച്ചെങ്കില്‍ എസ് എന്‍ സി ലാവ്‌ലിന്‍ കേസ് അവസാനിപ്പിക്കുമായിരുന്നു. സാക്ഷികള്‍ മരിച്ചെന്നും കേസ് കാലഹരണപ്പെട്ടെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിക്കുമായിരുന്നുവെന്നും നന്ദകുമാര്‍ പറഞ്ഞു.