പങ്കാളിയെ സഹിക്കാന്‍ കഴിയുന്നില്ല; ബന്ധമൊഴിയാന്‍ കോടതിയുടെ കനിവുതേടി ഒരുലക്ഷത്തിലേറെ ദമ്പതികള്‍

Crime Kerala

രാജ്യത്ത് ഏറ്റവും കൂടുതല്‍ വിവാഹ മോചനങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ മുന്‍പന്തിയിലാണ് കേരളത്തിന്‍റെ സ്ഥാനം. എണ്ണത്തിന്‍റെ കണക്കെടുത്താല്‍ കേരളം ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്തല്ലെങ്കിലും ജനസംഖ്യയുമായി താരമ്യപ്പെടുത്തുമ്പോള്‍ കേരളത്തിലെ വിവാഹ മോചന നിരക്ക് വളരെ കൂടുതല്‍ തന്നെയാണ്.

കോഴിക്കോട്: കൂടുംബം ഇമ്പമുണ്ടാകുന്നതാണ് കുടുംബം എന്നാണ് പറയാണ്. എന്നാല്‍ കൂടുമ്പം ഇമ്പം തരിമ്പും ഇല്ലാതാകുകയും കലഹം പതിവാകുകയും ചെയ്താല്‍ എന്തു ചെയ്യും. കുടുംബ കോടതികളിലെത്തിയ വിവാഹ മോചന കേസുകളിലെ കണക്കുകള്‍ നല്‍കുന്ന സൂചന കേരളത്തില്‍ കുടുംബ ജീവിതം താളം തെറ്റുന്നുവെന്നാണ്. വിവാഹ ബന്ധം വേര്‍പ്പെടുത്തിക്കിട്ടാനായി ഒരു ലക്ഷത്തിലധികം ദമ്പതിമാരാണ് കേരളത്തിലെ കുടുംബ കോടതികളുടെ കനിവ് കാത്ത് കഴിയുന്നത്. ഓരോ വര്‍ഷവും സംസ്ഥാനത്തെ 28 കുടുംബ കോടതികള്‍ തീര്‍പ്പാക്കുന്ന അരലക്ഷത്തോളം വിവാഹ മോചന കേസുകള്‍ക്ക് പുറമെയാണ് ഇത്രയധികം കേസുകള്‍ തീര്‍പ്പാകാതെ കിടക്കുന്നത്. ഒരുപാട് പ്രതീക്ഷയോടെ വിവാഹ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചവരാണ് ഒടുവില്‍ ആജന്മശത്രുക്കളെ പോലെ തങ്ങളുടെ ജിവിതം കോടതിയുടെ വിധി കല്‍പ്പനക്കായി സമര്‍പ്പിക്കുന്നത്.

ലഭ്യമായ കണക്ക് പ്രകാരം 2021 മെയ് വരെ 106103 വിവാഹ മോചന കേസുകളാണ് കേരളത്തിലെ കുടുംബ കോടതികളില്‍ കെട്ടിക്കിടക്കുന്നതെന്നാണ് ഔദ്യോഗിക കണക്ക്. ഇതിന് ശേഷം ഒരു വര്‍ഷം കൂടെ പിന്നിട്ടതോടെ കണക്കുകള്‍ ഇരട്ടിച്ചിട്ടുണ്ടാകും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം നേരിട്ടിട്ടുണ്ട്. 2010 മുതല്‍ 2020 വരെയുള്ള പത്ത് വര്‍ഷക്കാലയളവില്‍ 4,89,829 വിവാഹ ബന്ധങ്ങളാണ് സംസ്ഥാനത്ത് കുടുംബ കോടതികള്‍ മുഖേന വേര്‍പ്പെടുത്തിയത്. അതായത് ഒരു വര്‍ഷം ശരാശരി 40,000ത്തോളം വിവാഹ മോചനങ്ങള്‍ അനുവദിക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്കെടുത്താല്‍ 2019 ലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിവാഹ മോചന ഹര്‍ജികള്‍ ഫയല്‍ ചെയ്യപ്പെട്ടത്. 60,475 ഹര്‍ജികളാണ് ഇക്കാലയളവില്‍ കുടുംബ കോടതികളിലെത്തിയത്. 2018 ല്‍ 60,137 ഹര്‍ജികളും 2020 ല്‍ 47,839 വിവാഹ മോചന ഹര്‍ജികളും കോടതിയിലെത്തി. ഓരോ വര്‍ഷവും ശരാശരി അയ്യായിരം കേസുകള്‍ തീര്‍പ്പാകാതെ കിടക്കുകയാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വിവാഹ മോചനങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ മുന്‍പന്തിയിലാണ് കേരളത്തിന്റെ സ്ഥാനം. എണ്ണത്തിന്റെ കണക്കെടുത്താല്‍ കേരളം ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്തല്ലെങ്കിലും ജനസംഖ്യയുമായി താരമ്യപ്പെടുത്തുമ്പോള്‍ കേരളത്തിലെ വിവാഹ മോചന നിരക്ക് വളരെ കൂടുതല്‍ തന്നെയാണ്.

കുടുംബ കോടതികളില്‍ വിവാഹ മോചനം ആവശ്യപ്പെട്ട് ഫയല്‍ ചെയ്യുന്ന ഹര്‍ജികളില്‍ 70 ശതമാനത്തിലേറെയും സ്ത്രീകളുടെ ഭാഗത്ത് നിന്നാണ്. 40 വയസിന് താഴെയുള്ള ദമ്പതികളാണ് വിവാഹ ബന്ധം വേര്‍പെടുത്തണമെന്നാവശ്യപ്പെട്ട് കോടതികളെ സമീപിക്കുന്നതില്‍ ബഹുഭൂരിഭാഗവും. മുപ്പത് വയസില്‍ താഴെയുള്ള ദമ്പതികള്‍ക്കിടയില്‍ വിവാഹ മോചനങ്ങള്‍ ഓരോ വര്‍ഷവും കുതിച്ചുയരുകയാണ്. നിസാര കാരണങ്ങളാണ് യുവാക്കളെ വിവാഹ മോചനത്തിലേക്ക് എത്തിക്കുന്നതെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കൗണ്‍സിലര്‍മാരും അഭിഭാഷകരും പറയുന്നു. പരസ്പരം അംഗീകരിക്കാന്‍ തയ്യാറില്ലാത്തതാണ് ഇവര്‍ക്കിടയിലെ പ്രശ്‌നം.

എല്ലാം സഹിച്ചുകൊണ്ട് കുടുംബ വ്യവസ്ഥയില്‍ തളച്ചിടേണ്ടതല്ല തങ്ങളുടെ ജീവിതമെന്ന പുതിയ കാലത്തെ സ്്ത്രീകളുടെ ചിന്താഗതി വിവാഹ മോചനങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. വിദ്യാസമ്പന്നരും വരുമാനമുള്ളവരുമായ സ്ത്രീകളാണ് വിവാഹ മോചനങ്ങള്‍ക്ക് പ്രധാനമായും ധൈര്യം കാണിക്കുന്നത്. വിദ്യാസമ്പന്നരും ഉന്നത ജോലിയുമുള്ള യുവാക്കള്‍ക്കിടയിലും വിവാഹ മോചനം വലിയ തോതില്‍ നടക്കുകയാണ്.

ഏതാനും ദിവസങ്ങള്‍ മാത്രം ഒരുമിച്ച് ജീവിച്ച് പരസ്പരം പൊരുത്തപ്പെടാനാകാതെ വിവാഹ മോചനത്തിനായി കോടതിയെ സമീപിക്കുന്നവരുടെ എണ്ണവും ഓരോ വര്‍ഷവും വര്‍ധിച്ചു വരികയാണെന്ന് കൗണ്‍സിലര്‍മാര്‍ പറയുന്നു. കൂട്ടുകുടുംബ വ്യവസ്ഥിതി മാറി അണുകുടുംബങ്ങളിലേക്ക് വന്നതോടെ കുടുംബത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരുമുണ്ടാകാത്ത സാഹചര്യമുണ്ട്. അത് മാത്രമല്ല തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ബന്ധുക്കളും മറ്റും ഒരു പരിധിയില്‍ കവിഞ്ഞ് ഇടപെടുന്നത് യുവതലമുറ ഇഷ്ടപ്പെടുന്നില്ല. ഇതെല്ലാം കുടുംബത്തിലുള്ള പ്രശ്‌നങ്ങള്‍ നല്ല രീതിയില്‍ പരിഹരിക്കാനുള്ള അവസരങ്ങള്‍ ഇല്ലാതാക്കുകയാണ്.

വിവാഹ മോചന നിരക്ക് ഏറ്റവും കൂടുതലുള്ളത് ഐ ടി പ്രൊഫഷണലുകള്‍ക്കിടയിലാണെന്ന് കുടുംബ കോടതികളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ജോലിയിലെ സമ്മര്‍ദ്ദവും ഭാര്യ-ഭര്‍ത്താക്കന്‍മാര്‍ക്ക് ഒരുമിച്ച് സമയം ചെലവഴിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ലഭിക്കാത്ത പ്രശ്‌നങ്ങളും പരസ്പരമുള്ള ഈഗോയുമെല്ലാമാണ് ഇതിന്റെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കുടുംബ കോടതികളില്‍ എത്തുന്ന വിവാഹമോചന കേസുകളില്‍ വലിയൊരു ശതമാനവും മികച്ച ജോലിയും വരുമാനവുമുള്ള ദമ്പതികളുടേതാണ്. ഇവരില്‍ ബഹുഭൂരിഭാഗവും യാതൊരു ഒത്തു തീര്‍പ്പുകള്‍ക്കും തയ്യാറാകാതെ എത്രയും പെട്ടെന്ന് ബന്ധം വേര്‍പ്പെടുത്തി കിട്ടണമെന്ന് ആഗ്രഹിക്കുന്നവരാണെന്ന് കുടുംബ കോടതികളിലെ അഭിഭാഷകര്‍ പറയുന്നു.

സ്ത്രീകള്‍ നല്‍കുന്ന വിവാഹ മോചന ഹര്‍ജികളില്‍ 90 ശതമാനവും ഗാര്‍ഹിക പീഡനമാണ് ബന്ധം വേര്‍പെടുത്തുന്നതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഗാര്‍ഹിക പീഡനം നടന്നില്ലെങ്കില്‍ പോലും ഇത് പ്രധാന കാരണമായി ഉന്നയിക്കുന്നതിലൂടെ എളുപ്പത്തില്‍ വിവാഹ മോചനം സാധ്യമാകുമെന്നതിനാല്‍ പലരും ഇത് എളുപ്പവഴിയാക്കി മാറ്റുകയാണ് പതിവ്. ഭര്‍തൃവീട്ടുകാരുടെ ഉപദ്രവവും മാനസിക പീഡനവും ഭര്‍ത്താവിന്റെ മദ്യപാനവും പരസ്ത്രീ ബന്ധവുമെല്ലാമാണ് സ്ത്രീകളുടെ വിവാഹ മോചന ഹര്‍ജികളില്‍ കാണുന്ന മറ്റ് കാരണങ്ങള്‍. പുരുഷന്‍മാരാകട്ടെ ഭാര്യമാരുടെ പരപുരുഷ ബന്ധമാണ് പ്രധാന ആയുധമാക്കുന്നത്. ഭാര്യയും അവരുടെ വീട്ടുകാരും മാനസികമായി പീഡിപ്പിക്കുന്നതും മാനസികവും ശാരീരികവുമായ അകല്‍ച്ചയും ഭാര്യ ലൈംഗിക ബന്ധത്തിന് സമ്മതിക്കാത്തതും ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ പുരുഷന്‍മാര്‍ നിരത്തുന്നു.

കേസുകളുടെ ആധിക്യം കുടുംബ കോടതികളെ തളര്‍ത്തുകയാണ്. ഓരോ ദിവസവും 130 മുതല്‍ 150 വരെ കേസുകളില്‍ സംസ്ഥാനത്തെ 28 കുടുംബ കോടതികളും ചേര്‍ന്ന് തീര്‍പ്പ് കല്‍പ്പിക്കുന്നുണ്ട്. ഇതിലും എത്രയോ അധികമാണ് ദിവസവും പരിഗണനക്കെടുക്കുന്ന പരാതികള്‍. ഓരോ മണിക്കൂറിലും ശരാശരി അഞ്ച് പരാതികളെങ്കിലും വിവാഹമോചനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഉണ്ടാകുന്നുണ്ടെന്നാണ് കണക്ക്. അതായത് ഏറ്റവും ചുരുങ്ങിയത് പ്രതിദിനം 120 വിവാഹ മോചന ഹര്‍ജികളെങ്കിലും കോടതികളുടെ പരിഗണനക്കെത്തുന്നുവെന്ന് അര്‍ത്ഥം.

കോടതികള്‍ വിവാഹ മോചനം അനുവദിക്കുന്നതിനല്ല, മറിച്ച് പ്രശ്‌നങ്ങള്‍ പരിഹരിച്ച് ദമ്പതികളെ ഒന്നിപ്പിക്കുന്നതിനാണ് ശ്രമിക്കേണ്ടതെന്നാണ് കുടുംബ കോടതികള്‍ക്കുള്ള അലിഖിത നിയമം. യാതൊരു കാരണവശാലും ഒന്നിച്ച് പോകാന്‍ സാധിക്കില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ കോടതികള്‍ക്ക് വിവാഹ മോചനം അനുവദിക്കാന്‍ പാടുള്ളൂ. അതുകൊണ്ട് തന്നെ ഹര്‍ജിക്കാരായ ഭാര്യയെയും ഭര്‍ത്താവിനെയും പങ്കെടുപ്പിച്ചുകൊണ്ട് ഒന്നിലധികം തവണ കൗണ്‍സിലിംങ്ങുകളും മറ്റും നടത്തേണ്ടതുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടാണ് സമയത്തിന് തീര്‍പ്പ് കല്‍പ്പിക്കാനാകാതെ ഹര്‍ജികള്‍ കെട്ടിക്കിടക്കുന്നത്. ഈ വിഷയത്തില്‍ ഹൈക്കോടതി ഇടപെടലുകള്‍ നടത്തുകയും കേസുകള്‍ വേഗത്തില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിന് കഴിഞ്ഞ വര്‍ഷം ചില നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും ജഡ്ജി നേരിട്ടു ചെയ്യുന്നതിന് പകരം കേസുകളുടെ പ്രാഥമിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ചുമതല അതിനായി പ്രത്യേകം നിയോഗിക്കുന്ന ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. ഇതനുസരിച്ചാണ് കുടുംബ കോടതി നടപടിക്രമങ്ങള്‍ ഇപ്പോള്‍ നടന്നു വരുന്നത്. എന്നിട്ടും ബന്ധം വേര്‍പെടുത്തി കിട്ടുന്നതിനായി കോടതി വരാന്തകളില്‍ ദമ്പതിമാരുടെ കാത്തിരിപ്പ് അനിശ്ചിതമായി നീളുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *