അഷറഫ് ചേരാപുരം
ദുബൈ: കേരള സാംസ്‌കാരിക വകുപ്പിന് കീഴിലെ മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി ദുബൈയില്‍ ഉപകേന്ദ്രം തുറക്കും. അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണിയാണ് ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ദുബൈ കേന്ദ്രത്തില്‍ മാപ്പിള കലകളില്‍ വിവിധ കോഴ്‌സുകള്‍ നടത്തും.
പുതുവര്‍ഷത്തില്‍ ഫെബ്രുവരിയാണ് മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെ ദുബൈ ഉപകേന്ദ്രം തുറക്കുക. അക്കാദമി പ്രവര്‍ത്തനം ഗള്‍ഫിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിദേശത്തെ ആദ്യ ഉപകേന്ദ്രം ഇവിടെ തുറക്കുന്നത്.
നിലവില്‍ നാദാപുരത്ത് അക്കാദമിക്ക് ഉപകേന്ദ്രമുണ്ട്. കേന്ദ്രങ്ങളില്‍ അക്കാദമിയുടെ മേല്‍നോട്ടത്തില്‍ ആറ് മാപ്പിളകലകളിലും, അറബി മലയാളത്തിലും ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ലഭ്യമാക്കും. അവശകലാകാരന്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് അക്കാദമി നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളാണ് യോഗ്യതയായി കണക്കാക്കുന്നത്.
പരീക്ഷ പാസാകുന്ന പ്രവാസി കലാകാരന്‍മാര്‍ക്കും സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ അക്കാദിമിയിലൂടെ സാധിക്കും. ദുബൈയില്‍ ഉപകേന്ദ്രത്തിന് ആവശ്യമായ സ്ഥലം കണ്ടെത്താനും ഭാരവാഹികളെ നിശ്ചയിക്കാനും സമിതിയെ നിയോഗിച്ചിട്ടുണ്ട്. എന്‍ കെ കുഞ്ഞഹമ്മദ്, നെല്ലറ ഷംസുദ്ദീന്‍, ഡോ. അബ്ബാസ് പനക്കല്‍, ടി ജമാലുദ്ദീന്‍, അബ്ദുല്‍ അസീസ്, പി എം അബ്ദുറഷീദ് എന്നിവരാണ് സമിതി ഭാരവാഹികള്‍. ഡോ. അബ്ബാസ് പനക്കലും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.