അസംഘടിത തോട്ടം തൊഴിലാളികളുടെ തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തണം, എസ് ഡി റ്റി യു

Wayanad

മാനന്തവാടി: കണ്ണോത്ത്മല ദുരന്ത പശ്ചാലത്തില്‍ ജില്ലയിലെ അസംഘടിത തോട്ടം തൊഴിലാളികളെ കുറിച്ച് സമഗ്രമായ പഠനം നടത്തണമെന്നും തൊഴിലാളികളുടെ തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തണമെന്നും സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂണിയന്‍ (SDTU) ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

ജില്ലയെ കണ്ണീരിലാഴ്ത്തിയ അപകടത്തെ സര്‍ക്കാര്‍ ഗൗരവത്തോടെ സമീപിക്കുകയും പാഠമുള്‍ക്കൊള്ളുകയും ചെയ്യണം. അനുവദനീയമായതിലും കൂടുതല്‍ തൊഴിലാളികളെ കയറ്റിയതും മലയോര മേഘലകളില്‍ സുരക്ഷാവേലി ഇല്ലാത്തതുമാണ് ദുരന്തത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ തുറന്ന വാഹനങ്ങളിലടക്കം ഇത്തരത്തില്‍ തൊഴിലാളികളെ കുത്തിനിറച്ചുള്ള യാത്രകള്‍ നിര്‍ബാധം നടക്കുന്നുണ്ട്. ഏകീകൃത തൊഴില്‍ വേതനമോ സമയനിഷ്ഠയോ ഇല്ലാതെ അടിമവേലകളാണ് പല സ്വകാര്യ തോട്ടങ്ങളിലും നടക്കുന്നത്. സര്‍ക്കാരും തൊഴിലാളി സംഘടനകളും അസംഘടിത തോട്ടം തൊഴിലാളികളോട് പുലര്‍ത്തുന്ന സമീപനവും അധികൃതരുടെ ഒത്താശയും അനാസ്ഥയുമാണ് തോട്ടമുടമകള്‍ക്ക് ധൈര്യം പകരുന്നത്. തൊഴിലിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ടാല്‍ പോലും നഷ്ടപരിഹാരമോ മറ്റാനുകൂല്യങ്ങളോ ഇരകള്‍ക്ക് ലഭിക്കാറില്ല. ഇനിയുമൊരു ദുരന്തത്തിന് വഴിതുറക്കാതെ തൊഴിലിടങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ജില്ലാ ഭരണകൂടം ഉറപ്പുവരുത്തണം. തോട്ടം മേഘകളിലെ അസംഘടിത തൊഴിലാളികളുടെ കൃത്യമായ വിവരശേഖരണം നടത്തണമെന്നും മുഴുവന്‍ തൊഴിലാളികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണമെന്നും യോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു.

അപടകത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ജില്ലാ കമ്മറ്റി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ജില്ലാ പ്രസിഡന്റ് വി.കെ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. സൈദ് ചിറക്കര സ്വാഗതവും കെ ഖാലിദ് നന്ദിയും പറഞ്ഞു.