ആഗോള പ്രൊഫഷണല്‍ വിദ്യാര്‍ഥി സമ്മേളനം എട്ടിന് കോഴിക്കോട്ട്

Kozhikode

കോഴിക്കോട്: വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആഗോള പ്രൊഫഷണല്‍ വിദ്യാര്‍ഥി സമ്മേളനത്തിന് എട്ടിന് വെള്ളിയാഴ്ച ഫറോക്ക് മലബാര്‍ മറീന കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമാകും. ആറ് വേദികളിലായി 37 സെഷനുകളിലായാണ് സമ്മേളനം. രാജ്യത്തെ പ്രമുഖ പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും.

പ്രൊഫഷണല്‍ വിദ്യാര്‍ഥി സമൂഹത്തിന് ധൈഷണിക മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുക, പുതിയ ഉപരിപഠന സാധ്യതകളും തൊഴില്‍ മേഖലകളും പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സമ്മേളനം. വെളളിയാഴ്ച വൈകീട്ട് നടക്കുന്ന ഉദ്ഘാടന സമ്മേളനം സൗദി യൂണിവേഴ്‌സിറ്റി ഗ്വാഡുവേറ്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ശൈഖ് ഡോ ത്വാരീഖ് സ്വഫിയുറഹ്്മാന്‍ മുബാറക് പുരി ഉദ്ഘാടനം ചെയ്യും. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ അതിഥികളാവും.

രാത്രി നടക്കുന്ന സ്പീക്ക് അപ് ഇന്ത്യ യൂത്ത് അസംബ്ലിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, പി.കെ നവാസ്, പി.എം ആര്‍ഷോ തുടങ്ങിയവര്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. ശനിയാഴ്ച നടക്കുന്ന സെഷനുകളില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എം.കെ രാഘവന്‍ എം.പി, നജീബ് കാന്തപുരം എം.എല്‍.എ തുടങ്ങിയവര്‍ അതിഥികളാവും. ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനം വിസ്്ഡം ഇസ്്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് പി.എന്‍ അബ്ദുല്‍ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യും.