ബൈക്ക് മതിലിലിടിച്ച് പരുക്കേറ്റ യുവാവ് മരിച്ചു; അപകടം നടന്നത് എതിരെ വന്ന വാഹനത്തിന്‍റെ ലൈറ്റ് കണ്ണിലടിച്ച്

Kottayam

കോട്ടയം: എതിരെ വന്ന വാഹനത്തിന്റെ ലൈറ്റ് കണ്ണിലടിച്ച് ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് പരുക്കേറ്റ യുവാവ് മരിച്ചു. ആര്‍പ്പൂക്കര വില്ലൂന്നി പഴൂരകത്ത് വീട്ടില്‍ റിച്ചി ടോം(26)ആണ് മരിച്ചത്. കഴിഞ്ഞ 26നായിരുന്നു അപകടം നടന്നത്. കുടമാളൂര്‍ പള്ളിയിലാണ് ബൈക്ക് മതിലിലിടിച്ചത്. രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം നടന്നത്.

അപകടത്തില്‍ പരുക്കേറ്റ് ബോധമില്ലാതെ റോഡില്‍ കിടന്ന യുവാവിനെ നാട്ടുകാര്‍ ചേര്‍ന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്ന് മരണം സംഭവിച്ചു. സംസ്‌കാരം നാളെ വെള്ളിയാഴ്ച രാവിലെ ഒന്‍പതിന് വില്ലൂന്നി സെന്റ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയില്‍ നടക്കും.