കാലാവസ്ഥാ വ്യതിയാനം: നയാദിയുടെ യാത്രമാറ്റി

Gulf News GCC

അഷറഫ് ചേരാപുരം

ദുബൈ: കാലാവസ്ഥാ വ്യതിയാനമുണ്ടായതോടെ സുല്‍ത്താന്‍ അല്‍ നയാദിയുടെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് മാറ്റി. സ്‌പേസ് എക്‌സ് ക്രൂ 6 ബഹിരാകാശ വാഹനം ഇന്ന് വൈകീട്ട് പുറപ്പെടുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. ഇത് നാളത്തേക്കാണ് മാറ്റിയിരിക്കുന്നത്.

അന്താരാഷ്ട്ര സ്‌പെയിസ് സ്‌റ്റേഷനായ ഐ.എസ്.എസില്‍ നിന്ന് തിരിച്ചിറങ്ങാനുള്ള വാഹനം പുറത്തേക്ക് വിടുന്നത് വൈകിപ്പിക്കുകയായിരുന്നുവെന്ന് യു.എ.ഇ അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം 5.05 ന് അദ്ദേഹം ഭൂമിയിലേക്കുള്ള യാത്ര ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ അറിയിപ്പുകള്‍ പ്രകാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.05 ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 8.07 ന് ഭൂമിയില്‍ എത്തുമെന്നാണ് കരുതുന്നത്. നാസയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

സുല്‍ത്താന്‍ അല്‍ നയാദിയും സഹപ്രവര്‍ത്തകരും ഫ്‌ളോറിഡ തീരത്ത് കടലില്‍ ഇറങ്ങുമെന്നാണ് കരുതുന്നത്. അതിനിടെ യു.എ.ഇ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് മക്തും രചിച്ച കുട്ടികള്‍ക്കായുള്ള പുതിയ പുസ്തകം നയാദി ബഹിരാകാശത്തു വച്ച് പ്രകാശനം ചെയ്തു. ഫ്രം ഡെസര്‍ട്ടു ടെ സ്‌പെയിസ് എന്ന പേരിലുള്ള പുസ്തകമാണ് പ്രകാശനം ചെയ്തത്.