നഴ്‌സായ യുവതി പ്രസവ ശസ്ത്രക്രിയക്ക് ശേഷം മരിച്ചു

Kottayam

കോട്ടയം: നഴ്‌സായ യുവതി പ്രസവ ശസ്ത്രക്കിയക്ക് ശേഷം മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നഴ്‌സായ ചാരുംമൂട് അശോകഭവനില്‍ അശ്വജിത്തിന്റെ ഭാര്യയുമായ ആര്യമോള്‍ (27) ആണ് മരിച്ചത്. പാലാ ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിക്കപ്പെട്ട യുവതി പ്രസവ ശസ്ത്രക്രിയക്ക് ശേഷം ഗുരുതരാവസ്ഥയി. തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

പ്രസവത്തിനായി പാലാ ജനറല്‍ ആശുപത്രിയില്‍ ആര്യമോളെ 22ാം തീയതിയാണ് പ്രവേശിപ്പിച്ചത്. 23ന് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. ആന്തരിക രക്തസ്രാവമുണ്ടായ യുവതിയുടെ നില വഷളായതിനെത്തുടര്‍ന്ന് 26ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും കഴിഞ്ഞ ദിവസം രാത്രി മരണം സംഭവിക്കുകയായിരുന്നു.

ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ആശുപത്രിയിലെ ചികിത്സാപ്പിഴവാണ് ആര്യമോളുടെ മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ പരാതി. അമ്പാറ ചിരട്ടയോലിപ്പാറ നല്ലൂര്‍ പീതാംബരന്റെയും ഓമനയുടെയും മകളാണ് ആര്യമോള്‍.