തിരുവനന്തപുരം: പത്താം ക്ലാസുകാരനെ കാര്‍ ഇടിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. കേരള തമിഴ്‌നാട് അതിര്‍ത്തിയായ നാഗര്‍കോവിലില്‍ നിന്നാണ് പ്രിയരഞ്ജന്‍ പൊലീസിന്റെ വലയിലായത്.
കഴിഞ്ഞ ആഗസ്റ്റ് മുപ്പതിന് വൈകീട്ട് അഞ്ചരയോടെ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിനു മുന്നില്‍ വച്ചുണ്ടായ കാര്‍ അപകടത്തില്‍ പൂവച്ചല്‍ പുളിങ്കോട് അരുണോദയത്തില്‍ അധ്യാപകനായ അരുണ്‍കുമാറിന്റെയും ഷീബയുടെയും മകന്‍ ആദി ശേഖര്‍(15) മരിച്ചിരുന്നു. ക്ഷേത്രത്തിനു മുന്നില്‍ സൈക്കിള്‍ ചവിട്ടുകയായിരുന്ന കുട്ടിയെ പ്രിയരഞ്ജന്‍ ഓടിച്ചിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. എന്നാല്‍ അപകടമരണമെന്ന് കരുതിയ സംഭവത്തില്‍ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ദുരൂഹതയും സംശയവും ഉയര്‍ന്നത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
സുഹൃത്തും ആദിശേഖറും സൈക്കിള്‍ ചവിട്ടി പോകാന്‍ തുടങ്ങിയതിന് പിന്നാലെയാണ് അതുവരെ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ മുന്നോട്ടെടുത്തു കുട്ടിയെ ഇടിച്ചിട്ട് അതിവേഗത്തില്‍ കുതിക്കുന്നതും സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.