ആര്‍.ഒ.സി റിപ്പോര്‍ട്ടിൽ പിണറായി വിജയന്‍റെ പേര്, ‘CMRL-നെ പരോക്ഷമായി നിയന്ത്രിക്കുന്നത് മുഖ്യമന്ത്രി’

Kerala

തിരുവനന്തപുരം: സി.എം.ആര്‍.എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി ആര്‍.ഒ.സി റിപ്പോര്‍ട്ട്. സി.എം.ആര്‍.എല്ലിനെ പരോക്ഷമായി നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതാദ്യമായാണ് വിവാദത്തിലേക്ക് മുഖ്യമന്ത്രിയുടെ പേര് നേരിട്ട് വിവാദത്തിലേക്ക് പരാമർശിക്കുന്നത്. ഇടപാടിനെ കുറിച്ച് വെളിപ്പെടുത്താത്തത് നിയമലംഘനമാണെന്നും ആര്‍.ഒ.സി റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, എക്‌സാലോജിക് -സി.എം.ആര്‍.എല്‍ ഇടപാടിൽ അടിമുടി ദുരൂഹതയാണുള്ളതെന്നും വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. വീണാ വിജയനെയും എക്‌സാലോജിക്കിനെയും അങ്ങേയറ്റം പ്രതിസന്ധിയിലാക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. ഈ റിപ്പോർട്ട് സി.പി.എമ്മിനെയും വെട്ടിലാക്കുന്നതാണ്.

വീണ വിജയന്റെ കമ്പനിക്കെതിരെ കേന്ദ്ര ഏജന്‍സി അന്വേഷണം ആരംഭിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന് കീഴിലെ രജിസ്ട്രാര്‍ ഓഫ് കമ്പനീസാണ് സിഎംആര്‍എല്‍ കമ്പനിയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ചത്. കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. വീണാ വിജയന്റെ കമ്പനി കൈപ്പറ്റിയ തുകയെ കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുക. നാല് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. മൂന്നംഗ ഉദ്യോഗസ്ഥ സംഘത്തിനാണ് അന്വേഷണ ചുമതല. കര്‍ണാടക ഡെപ്യൂട്ടി റജിസ്ട്രാര്‍ ഓഫ് കമ്പനീസ് വരുണ്‍ ബിഎസ്, ചെന്നൈ ഡപ്യൂട്ടി ഡയറക്ടര്‍ കെ.എം. ശങ്കര നാരായണന്‍, പോണ്ടിച്ചേരി ആര്‍.ഒ.സി, എ ഗോകുല്‍നാഥ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.