കാനില്‍ വെന്നികൊടി പാറിച്ച റിമെയ്ന്‍സ് ഓഫ് ദി വിന്‍ഡ് ഉള്‍പ്പടെ ആദ്യദിനത്തില്‍ 11 ചിത്രങ്ങള്‍

Cinema News

തിരുവനന്തപുരം: കാന്‍ ചലച്ചിത്ര മേളയില്‍ പ്രേക്ഷക പ്രീതി നേടിയ പോര്‍ച്ചുഗല്‍ ചിത്രം റിമെയ്ന്‍സ് ഓഫ് ദി വിന്‍ഡ്, ടൊറോന്റോ, വെനീസ് മേളകളില്‍ പ്രദര്‍ശിപ്പിച്ച ഇന്തോനേഷ്യന്‍ ചിത്രം ഓട്ടോബയോഗ്രഫി തുടങ്ങി 10 സിനിമകള്‍ രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യദിനത്തില്‍ പ്രദര്‍ശിപ്പിക്കും.

ടിയാഗോ ഗുഡ്‌സ് സംവിധാനം ചെയ്ത റിമെയ്ന്‍സ് ഓഫ് ദി വിന്‍ഡ് പോര്‍ച്ചുഗലിലെ ഉള്‍നാടന്‍ ഗ്രാമത്തിലെ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന അക്രമങ്ങളും മൂന്നു കൗമാരക്കാര്‍ക്കിടയില്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങളുമാണ് തുറന്നുകാട്ടുന്നത്. ഉച്ചക്ക് 12 :15ന് ടാഗോര്‍ തിയേറ്ററിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

രാഷ്ട്രീയ നേതാവിന്റെ ചിത്രം നശിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷമാണ് ഓട്ടോബയോഗ്രഫിയുടെ പ്രമേയം. മക്ബുല്‍ മുബാറക് സംവിധായകനായ ഇന്തോനേഷ്യന്‍ ചിത്രം കൈരളി തിയേറ്ററില്‍ രാവിലെ 10 നു പ്രദര്‍ശിപ്പിക്കും.

ഉക്രൈനില്‍ നിന്ന് കുടിയേറിയ അവിവാഹിതയായ ഒരമ്മയുടെയും മകന്റെയും ജീവിതകഥ പറയുന്ന മിഷാല്‍ ബ്ലാസ്‌കോ ചിത്രം വിക്ടിം,കനേഡിയന്‍ ചിത്രം ദി നോയ്‌സ് ഓഫ് എന്‍ജിന്‍സ് എന്നിവയുടെ ആദ്യ പ്രദര്‍ശനവും വെള്ളിയാഴ്ചയുണ്ടാകും.

ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന വൃദ്ധനായ കര്‍ഷകന്റെ ജീവിതത്തിലുണ്ടാകുന്ന ദാരുണമായ സംഭവങ്ങളാണ് കാര്‍ലോസ് എയ്ച്ചല്‍മാന്‍ കൈസര്‍ ചിത്രം റെഡ് ഷൂസിന്റെ ഇതിവൃത്തം. സ്വീഡിഷ് ചിത്രം സെമ്രത്, ലോല ക്വിവോറൊന്‍ ചിത്രം റോഡിയോ, ഐറിന ഒബിഡോവ ചിത്രം ബോംബര്‍ നമ്പര്‍ ടു, സനോക്‌സ് റിസ്‌കസ് ആന്‍ഡ് സൈഡ് ഇഫക്ട്‌സ് എന്നിവയുടെ ആദ്യ പ്രദര്‍ശനവും വെള്ളിയാഴ്ചയാണ്. കൈരളി, കലാഭവന്‍, നിള, ശ്രീ, ടാഗോര്‍, എന്നീ തിയേറ്ററുകളിലാണ് ആദ്യദിനത്തില്‍ പ്രദര്‍ശനങ്ങള്‍ നടക്കുന്നത്.

തീവ്ര ആത്മബന്ധത്തിന്റെ ആവിഷ്‌കാരം ’99 മൂണ്‍സ്’ തിങ്കളാഴ്ച

വ്യത്യസ്ത ചിന്താഗതിക്കാരായ യുവതിയുടേയും യുവാവിന്റെയും ജീവിതം പ്രമേയമാക്കിയ ജാന്‍ ഗാസ്മാന്‍ ചിത്രം 99 മൂണ്‍സ് തിങ്കളാഴ്ച ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

ജീവിതം തന്റെ നിയന്ത്രണത്തിലായിരിക്കണമെന്ന് ആഗ്രഹിക്കുന്ന ബിഗ്‌നാ എന്ന ഇരുപത്തിയെട്ടുകാരിയുടേയും മയക്കുമരുന്നിന് അടിമപ്പെട്ട ഫ്രാങ്ക് എന്ന മുപ്പത്തിമൂന്നുകാരന്റെയും ആത്മബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

കാനില്‍ ജനപ്രീതി നേടിയ ചിത്രത്തിന്റെ ഏഷ്യയിലെ ആദ്യ പ്രദര്‍ശനമാണ് മേളയിലേത്. ഡിസംബര്‍ 12 ന് കൈരളി തിയേറ്ററിലാണ് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം.

നിലവിളികളും വെടിയൊച്ചകളുമായി ബോംബര്‍ നമ്പര്‍ ടു വെള്ളിയാഴ്ച

സമകാലിക രാഷ്ട്രീയ അസഹിഷ്ണുതകളുടെ നേര്‍ക്കാഴ്ചയൊരുക്കുന്ന റഷ്യന്‍ ചിത്രം ബോംബര്‍ നമ്പര്‍ ടുവിന്റെ ആദ്യ പ്രദര്‍ശനം വെള്ളിയാഴ്ച .ഐറിന ഒബിഡോവ സംവിധാനം ചെയ്ത ചിത്രം യുദ്ധവും ഒറ്റപ്പെടലുമാണ് ചര്‍ച്ച ചെയ്യുന്നത് . നിള തിയേറ്ററില്‍ ഉച്ചയ്ക്ക് 12.15 നാണ് പ്രദര്‍ശനം.

അശാന്തമായ കുടുംബാന്തരീക്ഷത്തില്‍ ജീവിക്കേണ്ടി വരുന്ന ആര്‍ടെം എന്ന പതിനേഴുകാരന്റെ കഥയിലൂടെയാണ് ചിത്രം വികസിക്കുന്നത് .ഒരു സ്‌കൂളില്‍ സ്‌ഫോടനം നടക്കുന്നതോടെ കോളേജ് അധികൃതര്‍ പുറത്തുവിടുന്ന ‘ബോംബര്‍മാരുടെ പട്ടിക’യില്‍ ആര്‍ടെമും ഉറ്റ സുഹൃത്തായ കോസ്ത്യയും ഉള്‍പ്പെടുന്നു. പട്ടികയില്‍ രണ്ടാമതായി പോയ ആര്‍ടെമിന്റെ ജനശ്രദ്ധ പിടിച്ചു പറ്റാനുള്ള ശ്രമങ്ങളാണ് 91 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയുടെ ഇതിവൃത്തം.

Leave a Reply

Your email address will not be published. Required fields are marked *