പത്തനാപുരം: സംസ്ഥാനത്തെ അഗതിമന്ദിരങ്ങളിലും മാനസികരോഗാശു പത്രികളിലും കഴിയുന്ന ഇതര സംസ്ഥാനക്കാരെ ജന്മനാട്ടിലേക്ക് തിരികെ അയയ്ക്കുന്ന സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ‘പ്രത്യാശ’ പദ്ധതിയിലൂടെ ഛത്തീസ്ഗഡ് സ്വദേശിനി ചാന്ദ്‌നി(30) യെയും, മൂന്നു മാസവും, രണ്ടര വയസ്സും പ്രായമുള്ള രണ്ടു മക്കളെയും സ്വദേശവും ഭര്‍ത്താവിനെയും കണ്ടെത്തി നാട്ടിലേക്ക് തിരികെ അയച്ചു.
കുന്നിക്കോട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട ആവണീശ്വരത്ത് അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന ചാന്ദ്‌നിയെയും രണ്ടു കുട്ടികളെയും കുന്നിക്കോട് പൊലീസ് സബ്ഇന്‍സ്‌പെക്ടറുടെ ശുപാര്‍ശയില്‍ ഗാന്ധിഭവന്‍ ഏറ്റെടുത്ത് ഗാന്ധിഭവന്‍ ഷെല്‍ട്ടര്‍ഹോമില്‍ പാര്‍പ്പിച്ചുവരുകയായിരുന്നു. ഗാന്ധിഭവനില്‍ നിന്നും നല്‍കിയ കൗണ്‍സിലിംഗിലൂടെ സ്വദേശവും ബന്ധുക്കളുടെ വിവരങ്ങളും ലഭിച്ചു. ഗാന്ധിഭവന്‍ അധികൃതര്‍ ഭര്‍ത്താവ് ദീപക് ദാസ് മഹതിനെ ബന്ധപ്പെടുകയും ചെയ്തു.
ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. സി എസ് സുജാത, പ്രസിഡന്റ് സൂസന്‍ കോടി, ഗാന്ധിഭവന്‍ സെക്രട്ടറിയും സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് മെമ്പറുമായ ഡോ. പുനലൂര്‍ സോമരാജന്റെയും ഗാന്ധിഭവന്‍ ഭാരവാഹികളുടെയും സാന്നിദ്ധ്യത്തില്‍ ചാന്ദ്‌നിയെയും മക്കളെയും ഭര്‍ത്താവിനൊപ്പം തിരികെ അയച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഉള്‍പ്പെടുന്ന തെക്കന്‍ മേഖലയില്‍ ഈ പദ്ധതി നടപ്പാക്കുന്നതിന് നോഡല്‍ ഏജന്‍സിയായി പത്തനാപുരം ഗാന്ധിഭവനെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്.