ദുബൈയില്‍ അണ്ടര്‍ വാട്ടര്‍ മോസ്‌ക് വരുന്നു

Gulf News GCC

അഷറഫ് ചേരാപുരം

ദുബൈ: ദുബൈയില്‍ അമ്പത്തഞ്ച് ദശലക്ഷം ദിര്‍ഹം ചെലവില്‍ മൂന്നു നിലകളില്‍ സമുദ്രത്തില്‍ നിര്‍മിക്കുന്ന പള്ളി വരുന്നു. അണ്ടര്‍വാട്ടര്‍ ഫ്‌ളോട്ടിംഗ് മോസ്‌കിന്റെ പദ്ധതി ദുബൈ പ്രഖ്യാപിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. പകുതി വെള്ളത്തിനടിയിലും പകുതി മുകളിലുമായാണ് മോസ്‌ക്. സിറ്റൗട്ടും കോഫീ ഷോപ്പും ഉള്‍പ്പെടയാണ് മൂന്നു നിലകള്‍. വെള്ളത്തിനടിയിലാണ് പ്രധാന പ്രാര്‍ഥനാ സ്ഥലം ഉണ്ടാവുക. ഇവിടെ അംഗസ്‌നാനം ചെയ്യാനുള്ള സൗകര്യവും ശുചിമുറികളും ഉണ്ടാവും.

ദുബൈയിലെ ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് (ഐ.എ.സി.എ.ഡി)യാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തു വിട്ടത്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യം കൂടി മുന്‍ നിര്‍ത്തിയാണ് സമുദ്ര പള്ളി.

പള്ളിയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് ഐ.എ.സി.എ.ഡിയുടെ അഹമ്മദ് അല്‍ മന്‍സൂരി ഖലീജ് ടൈംസിനോട് പറഞ്ഞു. എവിടെയാണ് മസ്ജിദ് എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. ദുബൈ തീരത്തോട് വളരെ അടുത്തായിരിക്കും പള്ളിയെന്നും ആരാധകര്‍ക്ക് മെയിന്‍ ലാന്റുമായി ബന്ധിപ്പിച്ചിരിക്കുന്ന പാലത്തിലൂടെ നടക്കാന്‍ കഴിയമെന്നും അല്‍ മന്‍സൂരി പറഞ്ഞു.