ജിദ്ദ: കുടുംബബന്ധങ്ങൾ മനോഹരമാവുമ്പോൾ ഭൂമിയിൽ സന്തോഷത്തോടെയും സമാധാനത്തോടെയും സംതൃപ്ത ജീവിതം നയിക്കാൻ സാധിക്കുമെന്നും സ്നേഹബന്ധങ്ങളെ അലങ്കാരമാക്കുകയും അലങ്കോലമാകാതെ ശ്രദ്ധിക്കുകയും ചെയ്താൽ ജീവിതം സന്തോഷകരമായിത്തീരുമെന്നും യുവ മോട്ടിവേഷൻ സ്പീക്കറും ഫാമിലി കൗൺസലറുമായ ഡോ. ഫർഹ നൗഷാദ് പറഞ്ഞു. ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജിദ്ദയുടെ വനിതാ വിഭാഗമായ ഇന്ത്യൻ വിമൻസ് ഓർഗനൈസേഷൻ(ഐവോ) സംഘടിപ്പിച്ച ഫാമിലി മീറ്റിൽ ‘സ്നേഹ ബന്ധത്തിലെ സമവാക്യങ്ങൾ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ.
കുടുംബബന്ധങ്ങൾ ശിഥിലമാകുമ്പോൾ മനുഷ്യമനസുകൾ അസ്വസ്ഥമാകും, അസ്വസ്ഥ മനസുകൾ ബന്ധങ്ങളിൽ വിളളലുകൾ വീഴ്ത്തുകയും അകൽച്ച വർധിപ്പിക്കുകയും ചെയ്യും. കുടുംബം എന്നത് കൂടുമ്പോൾ ഇമ്പമുള്ളതായിരിക്കണം, അകന്നു പോകുമ്പോൾ ചേർത്ത് പിടിക്കാൻ സാധിക്കണം, ഇണകൾ തമ്മിൽ പരസ്പരം വേർപിരിയാൻ പറ്റാത്തവിധം ഭംഗിയും അലങ്കാരവുമായിതീരണം, കുടുംബത്തെ ചേർത്ത് പിടിച്ച് നന്മയിൽ മുന്നേറാൻ സാധിക്കണം.
ഇന്ന് നമ്മുടെ കൗമാരക്കാരായ മക്കൾ വളർന്നുവരുന്നത് അധാർമിക ചുറ്റുപാടിലാണ്, ‘മൈ ബോഡി മൈ ചോയ്സ്’ എന്ന ചിന്ത കൗമാരക്കാരിൽ വളർന്നു വരുന്നത് അപകടകരമാണ്, ധാർമിക മൂല്യങ്ങളുടെ അപര്യാപ്തതയാണ് മക്കളെ ലിബറൽ ചിന്തകളിലേക്ക് നയിക്കുന്നത്. നമ്മുടെ വീടുകൾ മക്കൾക്ക് നന്മകൾ പകർന്നു നൽകുന്ന ഇടമായി മാറണം, അതിന് കുടുംബ ബന്ധങ്ങളിൽ സമാധാന അന്തരീക്ഷം നിലനിൽക്കണം, സ്വസ്ഥതയും സ്നേഹവുമുള്ള അന്തരീക്ഷത്തിൽ മാത്രമേ മക്കൾ അവരുടെ വിചാര വികാരങ്ങൾ പങ്കുവെക്കുകയുള്ളു. തിരക്കുകൾക്കിടയിൽ മക്കളെ കേൾക്കാൻ മാതാപിതാക്കൾ തയ്യാറാവണം, പുതിയ കാലത്തെ അവരുടെ ചോദ്യങ്ങളെ നേരിടാനുള്ള വിജ്ഞാനം നാം നേടിയെടുക്കേണ്ടതുണ്ടെന്നും ഡോ. ഫർഹ നൗഷാദ് പറഞ്ഞു. മക്കൾക്ക് റോൾ മോഡലാവാൻ മാതാപിതാക്കൾക്ക് സാധിക്കണം, മക്കളുടെ നല്ല സുഹൃത്തുക്കളായി ത്തീരാൻ രക്ഷിതാക്കൾ ശ്രമിക്കേണ്ടതുണ്ടെന്നും അവർ സൂചിപ്പിച്ചു.
നാടിന്റെ എല്ലാ നന്മകളിലും പ്രവാസികളുടെ പങ്ക് വളരെ വലുതാണെന്നും, നാടിന്റെ പുരോഗതിയിൽ പ്രവാസികൾ നൽകുന്ന സംഭാവനകൾ വിസ്മരിക്കാൻ സാധിക്കില്ലെന്നും ഡോ. ഫർഹ പറഞ്ഞു. പ്രവാസലോകത്തെ കൗമാരക്കാരുടെ പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടാൻ പ്രവാസി രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണെന്നാണ് ഫാമിലി കൗൺസിലർ എന്ന നിലയിൽ തന്റെ അനുഭവമെന്നും, തന്റെ ക്ലിനിക്കിൽ കൗൺസലിംഗിന് വരുന്ന കൗമാരക്കാരിൽ ഭൂരിഭാഗവും പ്രവാസികളുടെ മക്കളാണെന്നത് അതിന്റെ ഗൗരവം ബോധ്യപെടുത്തുന്നതാണെന്നും അവർ പറഞ്ഞു.
ഡോ. ഫർഹ നൗഷാദിനുള്ള ഐവോയുടെ ഉപഹാരം പ്രസിഡണ്ട് ശമിയത്ത് അൻവർ നൽകി. ഐവോ സെക്രട്ടറി സംറാ മൻസൂർ ഖിറാഅത്ത് നടത്തി. നിഷാത്ത് ഷമീർ സ്വാഗതവും സിറിൻ ജമാൽ നന്ദിയും പറഞ്ഞു.