ഭരണാധികാരികളുടെ താത്പര്യത്തിനനുസരിച്ചാണ് ഏകാധിപത്യ പ്രവണത കൂടുന്നത്: സംവിധായകന്‍ സജീവന്‍ അന്തിക്കാട്

Kozhikode

കോഴിക്കോട്: ജനാധിപത്യ സംവിധാനത്തില്‍ ഭരിക്കുന്ന ഭരണാധികാരികളുടെ താല്പര്യത്തിനനുസരിച്ചാണ് ഏകാധിപത്യ പ്രവണത കൂടുന്നതെന്ന് സംവിധായകന്‍ സജീവന്‍ അന്തിക്കാട് പറഞ്ഞു. അത് ഏത് പാര്‍ട്ടിയുടെയും കൊടിയുടെയും സമയത്തുണ്ടാകാം. ജനങ്ങളുടെ അവകാശങ്ങള്‍ അമിതമാണെന്ന തോന്നലാണ് പലപ്പോഴും ഭരണാധികാരികളെ പൗരന്മാരുടെ മൗലികാവകാശ ലംഘനത്തിലേക്ക് വരെ എത്തിക്കുന്നത്. കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് ഫിലിം സൊസൈറ്റി സംഘടിപ്പിച്ച മീറ്റ് ദ ക്രൂ പരിപാടിയില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തിലൂടെ വന്ന ഭരണാധികാരികള്‍ തന്നെയാണ് പിന്നീട് ഏകാധിപതികളായി മാറുന്നത്. ഹിറ്റ്‌ലറടക്കം ഇങ്ങനെ ജനാധിപത്യത്തിലൂടെ കടന്നു വന്ന വ്യക്തി തന്നെയാണ്. നമ്മള്‍ ഏകാധിപത്യത്തിന്റെ പേരില്‍ വിമര്‍ശിക്കുമ്പോഴും നരേന്ദ്ര മോഡിയും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് എന്നുള്ളത് നമുക്ക് നിഷേധിക്കുവാന്‍ കഴിയില്ല. നിര്‍ഭയമായ പത്രപ്രവര്‍ത്തനവും വിവരാവകാശ പ്രവര്‍ത്തനവും പ്രമേയമാക്കിയുള്ള സിനിമയാണ് ‘തന്റെ ലാടൊമാറ്റിന’ യെന്നും സജീവന്‍ അന്തിക്കാട് പറഞ്ഞു.

2005ല്‍ വിവരാവകാശ നിയമം വന്നതിന് ശേഷം അവകാശം ഉപയോഗപ്പെടുത്തിയ 106 ആര്‍ ടി ഐ ആക്ടിവിസ്റ്റുകള്‍ കൊല്ലപ്പെട്ടു. 382 പേര്‍ അക്രമിക്കപ്പെട്ടു. ആര്‍ ടി ഐ ആക്ടിവിസ്റ്റുകളില്‍ അധികവും മാധ്യമപ്രവര്‍ത്തകരായിരുന്നു. ഈ ഒരു സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ‘ലാടൊമാറ്റിന’ ചുവപ്പുനിലം എന്ന സിനിമ ഒരുക്കാന്‍ പ്രേരണയായതെന്നും സംവിധായകന്‍ പറഞ്ഞു.

ചിത്രത്തില്‍ കോട്ടയം നസീര്‍ ചെയ്ത നെഗറ്റീവ് കഥാപാത്രം അദ്ദേഹത്തിന് മലയാള സിനിമയില്‍ പുതിയ മേല്‍വിലാസം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. മിമിക്രി താരങ്ങളിലെ അഭിനേതാക്കളെ മുന്‍പും മലയാള സിനിമ കണ്ടെത്തിയിട്ടുണ്ട്. അവരെ ഉപയോഗപ്പെടുത്തിയാല്‍ മികച്ച അഭിനേതാക്കളെയാണ് നമുക്ക് ലഭിക്കുക. മിമിക്രിയില്‍ നിന്നും ഉയര്‍ന്നു വന്ന് ദേശീയ അവാര്‍ഡ് വരെ കരസ്ഥമാക്കിയ സലിംകുമാര്‍, സുരാജ് വെഞ്ഞാറാമൂട് എന്നിങ്ങനെ നിരവധി നടന്‍മാര്‍ നമുക്ക് മുന്നിലുണ്ട്. മലയാളത്തില്‍ കഥയുള്ളതാണെങ്കിലും പല സിനിമകളും ഇന്ന് തിയേറ്ററുകളില്‍ എത്തിക്കുകയെന്നത് പ്രയാസകരമാണ്. ബ്രഹ്മാണ്ഡചിത്രങ്ങളും നായകന്‍മാരെയും നോക്കിയാണ് പലരും തിയേറ്ററുകളിലേക്ക് എത്തുന്നത്. തിയേറ്റര്‍ ഷോ ലഭിച്ചതിന് ശേഷമേ ഒ ടി ടി പ്ലാറ്റ് ഫോം ലഭിക്കൂ എന്ന കാരണത്തിലാണ് പല ചിത്രങ്ങളും ഇന്ന് തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ അഭിനേതാക്കളായ മരിയ തോംപ്‌സണ്‍, രമേഷ് രാജ്, മഞ്ചുലാല്‍, നരേന്ദ്രന്‍, എ.വി. ഫര്‍ദീസ് എന്നിവരും പങ്കെടുത്തു.