പാലക്കാട്: കോളെജിന് മുന്നില്‍ നടത്തിയ ബര്‍ഗര്‍ ഷോപ്പിന്റെ മറവില്‍ ലഹരി വില്‍പ്പന നടത്തിയ യുവാവ് എക്‌സൈസിന്റെ പിടിയിലായി. വിക്ടോറിയ കോളേജിന് സമീപം ഹെവന്‍ലി ബ്ലെന്‍ഡ്‌സ് എന്ന പേരില്‍ ബര്‍ഗര്‍ ഷോപ്പ് നടത്തിയ റസൂലാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. പാലക്കാട് ടൗണിലെ ഇയാളുടെ ഫ്‌ലാറ്റില്‍ നിന്നും വന്‍ മയക്കുമരുന്ന് ശേഖരവും കണ്ടെടുത്തു. ഐബി യിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ നൗഫലിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. ഐബി സംഘവും പാലക്കാട് റേഞ്ച് ഇന്‍സ്‌പെക്ടര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘവും പാലക്കാട് സര്‍ക്കിള്‍ സംഘവും, സൈബര്‍ സെല്ലും സംയുക്തമായിട്ടാണ് പരിശോധന നടത്തി ലഹരി വില്‍പ്പനക്കാരനെ പിടികൂടിയത്.
കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും മറ്റുമായി റസൂല്‍ ലഹരി വസ്തുക്കള്‍ വില്‍ക്കുകയായിരുന്നു ഇയളുടെ പരിപാടി. ഇയാളും തൊഴിലാളികളും താമസിച്ചിരുന്ന സൂര്യ സെന്‍ട്രല്‍ അപ്പാര്‍ട്ട്‌മെന്റ് എന്ന ഹൗസിംഗ് കോംപ്ലക്‌സിലെ അഞ്ചാം നിലയിലെ ഫ്‌ലാറ്റ് എക്‌സൈസ് സംഘം റെയിഡ് ചെയ്തപ്പോള്‍ ഫ്‌ലാറ്റിലെ രണ്ടു മുറികള്‍ അടച്ച നിലയിലായിരുന്നു. ഈ മുറികള്‍ തുറന്നു പരിശോധന നടത്തിയപ്പോഴാണ് വലിയ അളവിലുള്ള മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. ആകെ 5.5 കിലോഗ്രാം കഞ്ചാവും 110 ഗ്രാം മെത്താംഫിറ്റാമിനുമാണ് പിടികൂടിയത്.