പാലക്കാട്: രാത്രി ഒറ്റയ്ക്ക് യാത്രചെയ്യുന്നവരെ ആക്രമിച്ച് പണവും സ്വര്‍ണാഭരണവും കൈക്കലാക്കുന്ന സംഘത്തിലെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആലത്തൂര്‍ സ്വദേശി അന്‍വര്‍, പാളയം സ്വദേശി സനില്‍ എന്നിവരും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരുമാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ പാലക്കാട് ടൗണ്‍ റെയില്‍വേ സ്‌റ്റേഷനിലിറങ്ങി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്ക് നടന്നുവരികയായിരുന്ന കഞ്ചിക്കോട് സ്വദേശിയെ ആക്രമിച്ച കേസിലാണ് നടപടി. സംഘം പരാതിക്കാരനെ തടഞ്ഞു നിര്‍ത്തി പണം ആവശ്യപ്പെട്ടു. ഇല്ലെന്ന് പറഞ്ഞപ്പോള്‍ ഗൂഗിള്‍ പേ ചെയ്യാന്‍ ആവശ്യപ്പെട്ടതായും പൊലീസ് പറയുന്നു.
ഇതിന് തയ്യാറാകാതെ വന്നതോടെ ബലപ്രയോഗത്തിലൂടെ എടിഎം കാര്‍ഡ് പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു. തുടര്‍ന്ന് പരാതിക്കാരന്റെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച ശേഷം തൊട്ടടുത്തുള്ള എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ചെന്നാണ് പരാതി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കസ്റ്റഡിയിലായത്.