നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി വിഷ്ണു യാത്രയായി

News

കോഴിക്കോട്: അകാലത്തില്‍ മരണപ്പെട്ട മകനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ കണ്ണില്‍ ഈറനണിയുമെങ്കിലും ഒരിറ്റ് കണ്ണീര്‍ പൊഴിക്കില്ല കണ്ണൂര്‍ സ്വദേശിയായ പൂവേന്‍ വീട്ടില്‍ ഷാജി. നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കിയ ശേഷമാണ് മകന്‍ വിഷ്ണുവിനെ വിധി കൊണ്ടുപോയതെന്നോര്‍ക്കുമ്പോള്‍ അഭിമാനം മാത്രമാണ് മനസില്‍ നിറയുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ മരണപ്പെട്ട പി. വിഷ്ണുവിന്റെ (22) കരളും വൃക്കകളും ഹൃദയവുമാണ് ദാനം ചെയ്തത്.

ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെ ബുധനാഴ്ചയായിരുന്നു വിഷ്ണുവിന് മസ്തിഷ്‌ക മരണം സംഭവിച്ചത്. ഒക്ടോബര്‍ അഞ്ചിന് രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരനായിരുന്ന വിഷ്ണു ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. തലക്ക് ഗുരുതരമായി പരുക്കേറ്റ യുവാവിനെ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലക്കേറ്റ പരിക്ക് ഗുരുതരമായതിനാല്‍ ഒരാഴ്ചക്ക് ശേഷം മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഇക്കാര്യം അറിയിച്ച ആശുപത്രി അധികൃതരോട് കുടുംബാംഗങ്ങള്‍ അവയവദാനത്തിനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ സംവിധാനമായ മൃതസഞ്ജീവനി വഴി പൂര്‍ണ്ണമായും മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു അവയവ മാറ്റ ശസ്ത്രക്രിയകള്‍ നടത്തിയത്. വിഷ്ണുവിന്റെ ഒരു വൃക്കയും കരളും ആസ്റ്റര്‍ മിംസില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നല്‍കി. അടുത്ത വൃക്ക മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കും ഹൃദയം മെട്രോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്കുമാണ് ലഭിക്കുക.

അവയവമാറ്റത്തിനുള്ള മള്‍ട്ടി ഓര്‍ഗന്‍സ് സര്‍ജറിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം തലവന്‍ അനീഷ് കുമാറും സംഘവും, ലിവര്‍ട്രാന്‍സ്പ്ലാന്റ് വിഭാഗം തലവന്‍ ഡോ സജീഷ് സഹദേവന്‍, നെഫ്രോളജിസ്റ്റ് സജിത്ത് നാരായണന്‍, യൂറോളജിസ്റ്റ് രവികുമാര്‍ കെ, അനസ്‌തേഷ്യോളജിസ്റ്റ് ഡോ കിഷോര്‍, എന്നിവരുടെ നേതൃത്വത്തിലാണ് അവയവമാറ്റം നടത്തിയത്.