മാലിന്യ സംസ്‌കരണത്തിലെ ഹരിതവ്യവസായ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സംരംഭകരെ പങ്കാളികളാക്കും

Kerala

തിരുവനന്തപുരം: കേരളത്തില്‍ സുസ്ഥിര മാലിന്യ സംസ്‌കരണ സംവിധാനം ലക്ഷ്യമാക്കി നടന്നുകൊണ്ടിരിക്കുന്ന മാലിന്യ മുക്തം നവകേരളം പ്രചരണത്തിന്റെ ഭാഗമായി ഹരിത വ്യവസായ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് സംരംഭകരെ പങ്കാളികളാക്കും. ഫലപ്രദമായ മാലിന്യ സംസ്‌കരണ സംവിധാനം വികസിപ്പിക്കുന്നതില്‍ പൊതുസ്വകാര്യ സഹകരണം നിര്‍ണായകമായതിനാല്‍ മേഖലയിലെ സംരംഭക സാധ്യതകള്‍ കണ്ടെത്തുന്നതിന് സ്വകാര്യ മേഖലയിലെ പങ്കാളികളെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ പരിശ്രമിക്കുന്നതായി ഹരിത സംരംഭങ്ങളെക്കുറിച്ചുള്ള യോഗത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മാലിന്യമുക്തം നവകേരളം പ്രചരണത്തിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പും കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനും സംയുക്തമായാണ് ഹരിത സംരംഭക സംഗമം മസ്‌കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ചത്. പ്ലാസ്റ്റിക്, ഫ്‌ളെക്‌സ്, മുടി, സാനിറ്ററി വേസ്റ്റ്, സെപ്‌റ്റേജ്, മാലിന്യം, ഗ്ലാസ്, മലിനജലം തുടങ്ങി മാലിന്യ സംസ്‌കരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിവിധ മേഖലകളില്‍ നിന്നുള്ള സ്വകാര്യ സംരംഭകര്‍ സംഗമത്തില്‍ പങ്കെടുത്തു.

കേരളത്തെ ഹരിത സമ്പദ് വ്യവസ്ഥയായി വികസിപ്പിക്കുന്നതിന് സംസ്ഥാനം മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുകയും അത് വേഗത്തില്‍ മുന്നോട്ട് കൊണ്ട് പോകുകയും ചെയ്യേണ്ടത് പ്രധാനമാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ പറഞ്ഞു. പ്രചരണത്തിനിടെ നേരിട്ട വെല്ലുവിളികള്‍ വിശദീകരിച്ച അവര്‍ സംരംഭകര്‍ ഉള്‍പ്പെടെ എല്ലാ പങ്കാളികളില്‍ നിന്നും പൂര്‍ണ്ണ തോതിലുള്ള പിന്തുണ അഭ്യര്‍ത്ഥിച്ചു. ഇന്ന് കേരളം നേരിടുന്ന എറ്റവും വലിയ വെല്ലുവിളിയായതിനാലാണ് മാലിന്യ സംസ്‌കരണത്തിന് വ്യവസായത്തിന്റെ പ്രത്യേക പദവി നല്‍കുന്നതെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.സുമന്‍ ബില്ല പറഞ്ഞു.

കുറയ്ക്കുക, പുനരുത്പാദിപ്പിക്കുക, പുനരുപയോഗിക്കുക എന്ന മുദ്രാവാക്യത്തെ അടിസ്ഥാനമാക്കി മാലിന്യ സംസ്‌കരണത്തിലും പുനരുപയോഗ മേഖലയിലും സ്വകാര്യ പൊതു പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് സംസ്ഥാനം പിന്തുടരുന്ന നയങ്ങളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് വ്യവസായ വകുപ്പിലെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ ആനി ജൂല തോമസ് സംസാരിച്ചു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംരംഭകര്‍ക്ക് കെഎസ്‌ഐഡിസി നല്‍കുന്ന സബ്‌സിഡികളുടെയും മറ്റ് പ്രോത്സാഹന പദ്ധതികളുടെയും വിശദാംശങ്ങള്‍ അവര്‍ അവതരിപ്പിച്ചു.

മാലിന്യമുക്തം നവകേരളം പ്രചരണത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ മാലിന്യ സംസ്‌കരണ പ്രശ്‌നത്തോടുള്ള മാറിക്കൊണ്ടിരിക്കുന്ന സമീപനത്തെ പറ്റി ആസൂത്രണ ബോര്‍ഡ് അംഗം ജിജു പി അലക്‌സ് പറഞ്ഞു. ആധുനിക ലോകത്തെ മാലിന്യ സംസ്‌കരണ വെല്ലുവിളികളുടെ വ്യാപ്തി ഉയര്‍ത്തിക്കാട്ടി ഈ മേഖലയിലെ അവസരങ്ങള്‍ തിരിച്ചറിയാന്‍ അദ്ദേഹം സംരംഭകരോട് അഭ്യര്‍ത്ഥിച്ചു. സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഇത്തരം സംരംഭങ്ങള്‍ക്ക് മതിയായ പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശുചിത്വ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ ടി ബാലഭാസ്‌കരന്‍, ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സുരേഷ് കുമാര്‍ എന്നിവരും യോഗത്തില്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ തങ്ങളുടെ ബിസിനസ് മോഡലുകളെക്കുറിച്ചും കേരളത്തെ മാലിന്യമുക്തമാക്കുന്നതില്‍ തങ്ങള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചും വിശദമായ അവതരണങ്ങള്‍ നടത്തി. കെഎസ്‌ഐഡിസി, ശുചിത്വ മിഷന്‍, എല്‍എസ്ജിഡി, കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെഎസ് ഡബ്ല്യൂഎംപി) ഹരിതകേരളം മിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.