ഫലസ്തീന്‍: കൂട്ടക്കുരുതിക്കെതിരെ മനുഷ്യ സ്‌നേഹികള്‍ ഒരുമിച്ച് നില്‍ക്കണം ഐ എസ് എം

Kozhikode

കോഴിക്കോട്: അധിനിവേശത്തിനായി ഇസ്‌റാഈല്‍ ഗസ്സയില്‍ നടത്തുന്നത് മനുഷ്യത്വരഹിതമായ ക്രൂര കൃത്യമാണെന്നും പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കമുള്ള മനുഷ്യര്‍ക്ക് നേരെയുള്ള കൂട്ടക്കുരുതിക്കെതിരെ ലോകത്തെ സമാധാന സ്‌നേഹികള്‍ ചേര്‍ന്നു നില്‍ക്കണമെന്നും ഐ എസ് എം സംസ്ഥാന സമിതി കോഴിക്കോട്ട് സംഘടിപ്പിച്ച ഫിലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം അഭിപ്രായപ്പെട്ടു.

അല്‍ അഹ്ലി ബാപ്പിസ്റ്റ് ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണം ലോക മന:സാക്ഷിയെ ഞെട്ടിച്ചിരിക്കുകകയാണ്. ശക്തമായ പ്രതിഷേധം ലോകമെങ്ങും അലയടിക്കുമ്പോഴും അക്രമത്തില്‍ തെല്ലും അയവു വരുത്താത്ത നെതന്യാഹു ഭരണകൂടം മനുഷ്യാവകാശ ലംഘനങ്ങളുടെ ഭീകരരൂപം പ്രാപിച്ചിരിക്കുകയാണ്.

മനുഷ്യത്വം തൊട്ടു തീണ്ടാത്ത സയണിസ്റ്റുകള്‍ക്കെതിരെ ഫലസ്തീന്‍ ജനതയുടെ സംരക്ഷണത്തിനായി ലോക സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഫലസ്തീനികള്‍ക്കായി പ്രാര്‍ത്ഥന നിരതരാവണമെന്നും സംഗമം ആഹ്വാനം ചെയ്തു.

‘അനീതിക്കെതിരെ ഇരകളോടൊപ്പം’ എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സദസ്സ് അഡ്വ. ടി സിദ്ദിഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ശുക്കൂര്‍ സ്വലാഹി അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈന്‍ മടവൂര്‍, അഡ്വ. ഫൈസല്‍ ബാബു, കെ.ടി കുഞ്ഞിക്കണ്ണന്‍, എ. സജീവന്‍, കെ.എം.എ അസീസ്, ജംഷീര്‍ ഫാറൂഖി, വളപ്പില്‍ അബ്ദുസ്സലാം, ഹാഫിസ് റഹ്മാന്‍ മദനി, റഹ്മത്തുള്ള സ്വലാഹി എന്നിവര്‍ പ്രസംഗിച്ചു.